ഡൽഹി: ഡൽഹിയിൽ നടന്ന പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന തേടി പ്രതിപക്ഷം ഇന്നും പാർലമെൻറ് സ്തംഭിപ്പിക്കും. രാജ്യസഭയിൽ നടന്ന പരീക്ഷ ഭേദഗതി ബിൽ ചർച്ചയിലും അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിലപാട് കടുപ്പിച്ചിരുന്നു. എഫ്സിആർഎ അടക്കം വരാനിരിക്കുന്ന ബില്ലുകളിലും പ്രതിഷേധമറിയിച്ച് പങ്കെടുക്കാനാണ് പ്രതിപക്ഷ നീക്കം. ഇന്നലെ പരീക്ഷാ ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയോട് സഹകരിക്കാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു. രാജ്യസഭയിൽ മല്ലികാർജുന ഖാർഗെ അടക്കമുള്ളവരുടെ ചർച്ചയ്ക്കിടെ വലിയ ബഹളം അരങ്ങേറി. ബില്ല് വോട്ടിനിടുന്നതിന് മുമ്പ് പ്രതിപക്ഷം ഒന്നടങ്കം ഇറങ്ങിപ്പോയി. എന്നാൽ ഡിഎംകെ സഭ ബഹിഷ്കരിച്ചില്ല. വോട്ടെടുപ്പിൽ പങ്കെടുത്ത ഡിഎംകെ, ഭേദഗതികൾ നിർദേശിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിൻ്റെ മറുപടിക്ക് ശേഷം പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിൽ പരീക്ഷാ ഭേദഗതി ബില്ല് പാസാകുകയായിരുന്നു. സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ ബില്ല് പാസായതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചിരുന്നു.
രാഹുൽ ഗാന്ധിക്കെതിരെ BJP
