യുഎസ് സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കരുത്; ബൾഗേറിയക്കും സൈപ്രസിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ശക്തികൾക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ബൾഗേറിയയിലെ ബെസ്മെർ എയർ ബേസിൽ താൽക്കാലികമായി യു.എസ് സൈനിക വിമാനങ്ങൾ വിന്യസിക്കാൻ അനുമതി നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു. ബൾഗേറിയൻ, സൈപ്രസ് വിദേശകാര്യമന്ത്രിമാരുമായി നടത്തിയ ഫോൺ സംഭാഷണങ്ങളിലാണ് ഇറാൻ തങ്ങളുടെ ശക്തമായ എതിർപ്പും പ്രതിഷേധവും അറിയിച്ചത്.

ബൾഗേറിയൻ വിദേശകാര്യമന്ത്രി വെലിസ്ലാവ പെട്രോവ-ചാമോവയുമായി അരാഗ്ചി നടത്തിയ ചർച്ചയിലാണ് ഇറാന്റെ അതൃപ്തി വ്യക്തമാക്കിയത്. വ്യോമസേനാ താവളത്തിൽ യു.എസ് സൈനിക വിമാനങ്ങൾക്ക് ഇടം നൽകുന്നത് ഇറാന് നേരെ നടക്കുന്ന ആക്രമണങ്ങൾക്ക് വഴിയൊരുക്കുന്നതിന് തുല്യമാണെന്ന് അരാഗ്ചി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന പരമ്പരാഗത സൗഹൃദബന്ധത്തിന് വിരുദ്ധമായ ഈ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെസ്മെർ എയർ ബേസിൽ എട്ട് യു.എസ് KC-135 ടാങ്കർ വിമാനങ്ങൾക്കും 250 ഉദ്യോഗസ്ഥർക്കും വിന്യാസാനുമതി നൽകാൻ ബൾഗേറിയൻ പാർലമെന്റ് കഴിഞ്ഞ ആഴ്ച തീരുമാനിച്ചിരുന്നു. എന്നാൽ ആക്രമണ സ്വഭാവമുള്ള ആയുധങ്ങളൊന്നും ഇവിടെയുണ്ടാകില്ലെന്നും ഈ നീക്കം ബൾഗേറിയയെ നേരിട്ട് യുദ്ധത്തിന്റെ ഭാഗമാക്കില്ലെന്നുമാണ് തലസ്ഥാനമായ സോഫിയയുടെ വിശദീകരണം.

സൈപ്രസ് വിദേശകാര്യമന്ത്രി കോൺസ്റ്റാന്റിനോസ് കൊമ്പോസുമായി നടത്തിയ മറ്റൊരു ചർച്ചയിൽ, സൈപ്രസിലെ വിദേശ സൈനിക താവളങ്ങൾ ഇറാന് എതിരെ ദുരുപയോഗം ചെയ്യുന്നത് തടയേണ്ടതിന്റെ പ്രാധാന്യം ഇറാൻ വിദേശകാര്യമന്ത്രി അടിവരയിട്ടു.

സൈപ്രസിലുള്ള ബ്രിട്ടീഷ് സൈനിക താവളമായ ആർ.എ.എഫ് അക്രോത്തിരി മാർച്ച് ആദ്യം ഇറാനിയൻ ഡ്രോൺ ആക്രമണത്തിന് ഇരയായിരുന്നു. സംഭരണ കേന്ദ്രങ്ങളിലോ ലോഞ്ചറുകളിലോ ഉള്ള ഇറാനിയൻ മിസൈലുകൾക്ക് എതിരെയുള്ള പ്രതിരോധ ആക്രമണങ്ങൾക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ യു.എസിന് ബ്രിട്ടൻ അനുമതി നൽകിയിരുന്നു. എങ്കിലും ആർ.എ.എഫ് അക്രോത്തിരിയെ ഇതിൽ ഉൾപ്പെടുത്തില്ലെന്ന് പിന്നീട് ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈയിൽ അധികാരത്തിൽ വന്ന പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബർണാമും പ്രതിരോധ കരാറുമായി മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ സൈനിക നീക്കങ്ങൾക്ക് തുണനിൽക്കരുതെന്ന് ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് (IRGC) ബ്രിട്ടന് കടുത്ത അന്ത്യശാസനം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *