റിയാദ്: മയക്കുമരുന്ന് ഗുളികകൾ കൈവശം വെക്കുകയും കടത്തുകയും ചെയ്ത കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പിലാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിൽ വെച്ചാണ് ഖാലിദ് ബിൻ അത്നാൻ ബിൻ ബൈജാൻ അൽ കുവൈകിബി അൽ റുവൈലി എന്ന സ്വദേശി പൗരന്റെ വധശിക്ഷ നടപ്പിലാക്കിയത്. ആംഫെറ്റാമൈൻ ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഗുളികകൾ കടത്തിയതിനാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്.
നേരത്തെ പ്രതിയെ പിടികൂടിയ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ വിശദമായ അന്വേഷണത്തിൽ ഇയാൾ കുറ്റം ചെയ്തതായി തെളിയുകയായിരുന്നു. തുടർന്ന് കേസ് യോഗ്യതയുള്ള ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുകയും കോടതി ഇയാൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ വിധിക്കുകയും ചെയ്തു. ഈ വിധി പിന്നീട് അപ്പീൽ കോടതിയും തുടർന്ന് സൗദി സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കാനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പിലാക്കിയത്.
