കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി സംബന്ധമായ തകരാറുകളോ അപകടസാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻതന്നെ അറിയിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി. ടോൾ ഫ്രീ കസ്റ്റമർ കെയർ- 1912, വാട്സ്ആപ്പ്: 9496001912, വൈദ്യുതി അടിയന്തര സേവനത്തിനു 9496010692 എന്നീ നമ്പറുകളിൽ പരാതികളും അടിയന്തര വിവരങ്ങളും അറിയിക്കാം.
പൊട്ടിവീണ വൈദ്യുതി കമ്പികൾ, തകരാറിലായ ലൈനുകൾ, വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഒരു കാരണവശാലും സമീപിക്കുകയോ സ്പർശിക്കുകയോ ചെയ്യരുത്. അത്തരം സാഹചര്യങ്ങൾ കണ്ടാൽ മറ്റുള്ളവരെയും അപകടമേഖലയിൽ നിന്ന് അകറ്റി നിർത്തുകയും മുകളിൽ നൽകിയിരിക്കുന്ന നമ്പറുകളിൽ ഉടൻ വിവരം അറിയിക്കുകയും ചെയ്യുക.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായ മഴക്കെടുതിയാണ്. ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിൽ നാല് പേർക്ക് ജീവൻ നഷ്ടമായത്.
