കാഠ്മണ്ഡു: അധികാരമേറ്റ് ആഴ്ചകൾ മാത്രം പിന്നിടുമ്പോൾ നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ കടുത്ത ജനരോഷത്തെ അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സർക്കാരിനെതിരെ കാഠ്മണ്ഡുവിലെ ഭരണസിരാകേന്ദ്രമായ സിംഹദർബാർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വിദ്യാർഥി സംഘടനകളുടെ നിരോധനം, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ കസ്റ്റംസ് തീരുവ, ആഭ്യന്തര മന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ എന്നിവയാണ് ജനങ്ങളെ തെരുവിലിറങ്ങാൻ പ്രേരിപ്പിച്ച പ്രധാന ഘടകങ്ങൾ.
ഇന്ത്യയിൽ നിന്ന് നേപ്പാളിലേക്ക് കൊണ്ടുവരുന്ന 100 നേപ്പാളി രൂപയ്ക്ക് മുകളിലുള്ള സാധനങ്ങൾക്ക് നിർബന്ധിത കസ്റ്റംസ് തീരുവ ഏർപ്പെടുത്തിയതാണ് അതിർത്തി ഗ്രാമങ്ങളിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. നിത്യോപയോഗ സാധനങ്ങൾക്കായി ഇന്ത്യൻ വിപണികളെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഇത് വലിയ സാമ്പത്തിക ഭാരമായി മാറിയിരിക്കുകയാണ്. സാധനങ്ങൾക്കനുസരിച്ച് 5 ശതമാനം മുതൽ 80 ശതമാനം വരെയാണ് നികുതി ഈടാക്കുന്നത്. ഇത്തരമൊരു നീക്കം അതിർത്തി നിവാസികളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും ഇത് പ്രായോഗികമല്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
