അസമിൽ 15 കാരിയെ ക്രൂരമായി കൊലപ്പെടുത്തി

ഗുവാഹത്തി: അസമിൽ വീടിനുള്ളിൽ അതിക്രമിച്ച് കയറി 15കാരിയെ അതിക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. കുടുംബത്തിലുള്ളവർക്ക് പോലും തിരിച്ചറിയാൻ സാധിക്കാത്ത രീതിയിലാണ് 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്. അസമിലെ ഹൈലകണ്ടി ജില്ലയിലാണ് സംഭവം. വീടിനടുത്തുള്ള ബന്ധുവീട്ടിൽ വിരുന്നിന് പോയി മടങ്ങി എത്തിയ ബന്ധുക്കളാണ് 15കാരി ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 15കാരിയുടെ മുഖവും തലയും തല്ലിത്തകർത്ത നിലയിലായിരുന്നു.

സ്വകാര്യ ഭാഗങ്ങളിൽ കമ്പ് കുത്തിക്കയറ്റിയ നിലയിലായിരുന്നു 15കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ലൈംഗിക പീഡനവും കൊലപാതകവുമാണ് നടന്നതെന്നാണ് കുടുംബം സംശയിക്കുന്നത്. എന്നാൽ പീഡനം നടന്നോയെന്ന് കണ്ടെത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ബന്ധുവീട്ടിൽ വിരുന്നിന് വീട്ടുകാരോടൊപ്പം 15കാരിയും പോയിരുന്നു. എന്നാൽ ചടങ്ങിനിടെ ഉറ്റ ബന്ധുവിനോട് വഴക്കിട്ട് 15കാരി തനിച്ച് വീട്ടിലേക്ക് മടങ്ങി എത്തുകയായിരുന്നു.

പിന്നീട് പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോഴാണ് 15കാരിയുടെ മൃതദേഹം തിരിച്ചറിയാത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിലെ പ്രതികളെ കണ്ടെത്തണമെന്ന ആവശ്യവുമായി ബന്ധുക്കൾ ദേശീയപാത 6 തടഞ്ഞിരുന്നു. സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ച് പേരെ ചോദ്യം ചെയ്തതായാണ് പൊലീസ് സൂപ്രണ്ട് വിശദമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *