80 ലക്ഷം ധനസഹായം; മരണപ്പെട്ട എട്ടുപേരുടെ കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി

റിയാദ്/മലപ്പുറം: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിലൂടെയുള്ള ധന സഹായം വിതരണം ചെയ്തു. പദ്ധതി അംഗങ്ങളായിരിക്കെ മരണപ്പെട്ട എട്ടുപേരുടെ കുടുംബങ്ങൾക്കുള്ള 80 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്. വിവിധ ഇഒ സെന്ററുകൾക്കായി പിരിച്ചെടുത്ത ഒരു കോടിയിലധികം രൂപയുടെ ഫണ്ട് വിതരണവും നടന്നു. പാണക്കാട് വെച്ചായിരുന്നു ചടങ്ങ്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ബേബി മുടിക്കിൽപാത്തിൽ മത്തായിയുടെ നോമിനിയായ അൻഹ ഷിനുവിന്റെ മാതാവ് ഷീജയ്ക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയാണ് തങ്ങൾ വിതരണോദ്ഘാടനം നിർവഹിച്ചത്. സേവന മേഖലയിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. സഹജീവികളെ ചേർത്ത് നിർത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.

പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട കുവക്കണ്ടി മുഹമ്മദ്, നൂർ മുഹമ്മദ് ഷാഹുൽ, സൈതലവി ചുണ്ടുംപട്ട, അബ്ദുൽ റഷീദ്, ശ്രീകുമാര കാരണവർ, മുഹമ്മദ് കെ.എ, അബ്ദുൽ റഷീദ് കണ്ണുർ എന്നിവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായ ചെക്കുകളും കൈമാറി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ ചടങ്ങിൽ പദ്ധതി വിശദീകരിച്ചു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ വിവിധ ഇഒ സെന്ററുകൾക്കായി പിരിച്ചെടുത്ത ഒരു കോടിയിലധികം രൂപയുടെ ധനസഹായം കഴിഞ്ഞ മാസം റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സംസ്ഥാനത്തെ വിവിധ സി എച്ച് സെന്ററുകൾക്ക് കൈമാറിയിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം സി എച്ച് സെന്ററിനുള്ള 5 ലക്ഷം രൂപയുടെ ധനസഹായം സെന്റർ ഭാരവാഹി ഫത്താഹിന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ കൈമാറി. ചടങ്ങിൽ കെ.എം.സി.സി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി അശ്‌റഫ് വേങ്ങാട്, വൈസ് പ്രസിഡന്റ് ഉസ്മാൻ അലി പാലത്തിങ്ങൽ, സുരക്ഷാ സമിതി ചെയർമാൻ അബ്ദുൽ റഹ്‌മാൻ ഫറോക്ക് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *