ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്താനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളായ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിമാന്‍ഡിലായിരുന്ന ഒന്‍പത് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആക്രമണം ഗൗരവതരമെന്ന് ഹൈക്കോടതി നീരീക്ഷിച്ചെങ്കിലും പ്രതികള്‍ 67 ദിവസമായി ജയിലിലാണെന്നും ചൂണ്ടിക്കാട്ടി. അന്വേഷണം ഏകദേശം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതികള്‍ കണ്‍ടോണ്‍മെന്റ് എസി മുന്‍പാകെ ഹാജരാകണം എന്നാണ് നിര്‍ദേശം.

കേസ് പരിഗണിക്കവേ കോടതി പൊലീസിനെതിരെ വിമര്‍ശനമുയര്‍ത്തി. വധശ്രമം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ഉദ്യോഗസ്ഥരുടെ പരുക്ക് ഗുരുതരമല്ലെന്നും ചൂണ്ടിക്കാട്ടി. പ്രതികള്‍ 67 ദിവസം കസ്റ്റഡിയില്‍ ഉണ്ടായിരുന്നെന്നും എന്നിട്ടും ആക്രമണത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താനായില്ല എന്നും കോടതി നിരീക്ഷിച്ചു. പിന്നെ എന്തിന് പ്രതികള്‍ കസ്റ്റഡിയില്‍ തുടരണമെന്നും ഹൈക്കോടതി ചോദിച്ചു.

മെയ് 27നാണ് സിഎംആര്‍എല്‍ എക്സാലോജിക്ക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിട്ടില്‍ ഇഡി റയിഡ് നടത്തിയത്. കേസില്‍ പ്രതിയായ ടി വീണ താമസിക്കുന്ന വീട് എന്ന നിലയിലായിരുന്നു ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലെ ഇഡി റയിഡ്. ഇതിന് പിന്നാലെ ഇഡി പിണറായി വിജയനെ രാഷ്ട്രീയമായി ആക്രമിക്കുകയാണെന്നാരോപിച്ച് സിപിഐഎം പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. തുടർന്ന് റെയ്ഡ് കഴിഞ്ഞു പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഐഎം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *