മയക്കുമരുന്ന് കടത്ത്; ജിസാനിൽ 11 വിദേശികൾ പിടിയിൽ

റിയാദ്: അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 11 വിദേശികളെ ബോ‍ർഡർ ​ഗാർഡ് കരസേന പിടികൂടി. പിടിയിലായവരെല്ലാം എത്യോപ്യൻ പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ജിസാനിലെ അൽ ദായറിൽ 220 കിലോ​ഗ്രാം ഖാത്ത് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലാകുന്നത്. പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും ഇവരെയും പിടിച്ചെടുത്ത മയക്കുമരുന്നുകളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. ലഹരിമരുന്ന് കടത്തുമായോ വിതരണവുമായോ ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി അധികൃതരെ അറിയിക്കണമെന്ന് സുരക്ഷാ ഏജൻസികൾ ഓർമ്മിപ്പിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിലുള്ളവർ 911ലും രാജ്യത്തെ മറ്റ് മേഖലകളിലുള്ളവർ 999 എന്ന അടിയന്തര നമ്പറിലും ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർഥിച്ചു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കൺട്രോളിലേക്ക് വിളിക്കുന്നതിനായി 995 എന്ന നമ്പറിലും ഇമെയിൽ വഴിയും ബന്ധപ്പെടാം. കൂടാതെ ബോർഡർ ഗാർഡ്സ് റിപ്പോർട്ടിങ് നമ്പറിലും വിവരങ്ങൾ നൽകാം. രഹസ്യവിവരങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *