ദുബായ് : വേനൽക്കാലത്തിന് മുന്നോടിയായി എമിറേറ്റിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങളുടെ പരിശോധനകൾ ആരംഭിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ. ഉപയോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനാണ് പരിശോധനാ കാംപെയ്‌നുകൾ ഊർജിതമാക്കുന്നത്.
എമിറേറ്റിലെ 621 ഇടങ്ങളിലായുള്ള 895 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് പരിശോധിക്കുന്നത്. ശീതീകരണ സംവിധാനങ്ങൾ ഉൾപ്പെടെ ബസ് സ്റ്റോപ്പുകളുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നത്.
പൊതുഗതാഗതത്തിന്റെ അനുബന്ധ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും സന്നദ്ധത വർധിപ്പിക്കാനാണ് പരിശോധനകൾ നടത്തുന്നതെന്ന് ആർ.ടി.എ.യിലെ കോർപ്പറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവീസസ് സെക്ടറിലെ ബിൽഡിങ്സ് ആൻഡ് ഫെസിലിറ്റീസ് മേധാവി അബ്ദുൾറഹ്‌മാൻ അൽ ജനാഹി പറഞ്ഞു. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താനും സേവന തുടർച്ച ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. സേവന മികവു നിലനിർത്താനും സാങ്കേതിക തകരാറുകളുണ്ടെങ്കിൽ അവ കണ്ടെത്തി പരിഹരിക്കാനും ഇത്തരം പരിശോധനകൾ ഫലപ്രദമാണ്.
