കര്‍ണാടക മന്ത്രിസഭ വികസനം: 20 പുതിയ മന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാര്‍ ചുമതലയേറ്റ് രണ്ടു മാസത്തിന് ശേഷം സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. 20 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് വൈകിട്ട് 4:05ന് ബംഗളൂരുവിലെ ലോക് ഭവനില്‍ നടക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ച 20 നേതാക്കളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. പിഎം നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെഎസ് ബസവന്തപ്പ, ബി നാഗേന്ദ്ര, ടി രഘുമൂര്‍ത്തി, ബിസെഡ് സമീര്‍ അഹമ്മദ് ഖാന്‍, റിസ്വാന്‍ അര്‍ഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടുരംഗഷെട്ടി, മങ്കാള വൈദ്യ, അജയ് സിങ്, എന്‍ ചലുവരായ സ്വാമി, കെഎം ശിവലിംഗ ഗൗഡ, എച്ച്‌സി ബാലകൃഷ്ണ, ഗായത്രി ശാന്തെഗൗഡ, ബസവരാജ് രായറെഡ്ഡി, വിജയനാന്ദ് കാശപ്പനവര്‍, ലക്ഷ്മണ്‍ സവദി എന്നിവരാണ് പുതുതായി മന്ത്രിസഭയിലേക്ക് എത്തുന്നത്. 20 പേരുടെ പട്ടികയ്ക്ക് ഹൈക്കമാന്‍ഡ് അംഗീകാരം നല്‍കിയ വിവരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ മുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അറിയിച്ചു.

ഇതിനുപുറമെ, കര്‍ണാടക നിയമസഭാ സ്പീക്കറായി ജിഎസ് പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എഎസ് പൊന്നണ്ണയെയും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിശ്ചയിച്ചിട്ടുണ്ട്. സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാനായി സലീം അഹമ്മദിനെയും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണായി ഉമാശ്രീയെയും പാര്‍ട്ടി നാമനിര്‍ദ്ദേശം ചെയ്തു.

മെയ് 28ന് സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചതിനെ തുടര്‍ന്ന്, ജൂണ്‍ 3നാണ് ശിവകുമാറും 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുഖ്യമന്ത്രി ഉള്‍പ്പെടെ പരമാവധി 34 മന്ത്രിമാരെയാണ് കര്‍ണാടക മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *