70,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു ​; വൻ ഹിറ്റായി ഇത്തിഹാദ്​ റെയിൽ

അബൂദബി: ഇത്തിഹാദ്​ റെയിൽ യാത്ര സർവിസ്​ വൻ ഹിറ്റ്​. ജൂൺ 30ന്​ സർവിസ് ആരംഭിച്ച്​ അഞ്ച്​ ആഴ്​ചക്കകം വിറ്റഴിഞ്ഞത്​ 70,000ൽ അധികം ടിക്കറ്റുകളാണ്​. യുഎഇയിലുടനീളമുള്ളവർ ട്രെയിൻ യാത്ര വലിയ തോതിൽ തെരഞ്ഞെടുക്കുന്നതായി ഇത്തിഹാദ്​ റെയിൽ വ്യക്​തമാക്കി. ഭൂരിഭാഗം യാത്രക്കാരും മുൻകൂട്ടി തന്നെ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നുണ്ട്​. ശരാശരി 12 ദിവസം മുമ്പെങ്കിലും യാത്രകൾ ബുക്ക് ചെയ്യുന്നുണ്ടെന്നും ഇത്തിഹാദ് റെയിൽ പറഞ്ഞു.ആഗസ്റ്റ്​ 15ന്​ അബൂദബിയിൽ നിന്ന്​ ഫുജൈറയിലേക്കുള്ള ട്രെയിനിന്‍റെ ടിക്കറ്റ്​ ഇതിനകം വിറ്റുതീർന്നു. ഓരോ യാത്രയിലും 400 യാത്രക്കാർക്കാണ്​ അവസരം. ജൂൺ 30ന്​ സർവിസ്​ ആരംഭിച്ച ശേഷം 175 ട്രെയിനുകൾ പൂർണ യാത്ര കപ്പാസിറ്റിയിൽ സർവിസ്​ നടത്തി. യാ​ത്രക്കാർ രണ്ടാഴ്ച മുമ്പ്​ തന്നെ ടിക്കറ്റ്​ ബുക്ക്​ ചെയ്ത്​ യാത്രകൾ ക്രമീകരിക്കുന്നതായി ഇത്തിഹാദ് റെയിലിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അസ്സ അൽ സുവൈദി പറഞ്ഞു. ആവശ്യമുള്ളിടത്ത് അധിക ശേഷി അവതരിപ്പിക്കുമെന്നും ഇത്തിഹാദ് റെയിൽ വ്യക്​തമാക്കി. അഞ്ച് വർഷത്തെ കരാറിൽ ഇത്തിഹാദ് റെയിലിന്റെ എക്‌സ്‌ക്ലൂസീവ് കാർ വാടക പങ്കാളിയായി ത്രിഫ്റ്റി റെന്‍റൽ കാറിനെ പ്രഖ്യാപിച്ചിട്ടുണ്ട്​. പുതിയ ബസ് സർവീസുകൾ അവതരിപ്പിച്ചു, സ്റ്റേഷനുകളിൽ നിന്നുള്ള ടാക്സി സേവനങ്ങളിൽ യാംഗോയാണ്​ പങ്കാളി.

കുടുംബ യാത്രകൾ, ബിസിനസ് യാത്രകൾ, വിദ്യാഭ്യാസ യാത്രകൾ, വിനോദ അനുഭവങ്ങൾ അല്ലെങ്കിൽ യുഎഇയിലുടനീളമുള്ള പുതിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക്​ എത്തൽ എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്ന ഗതാഗത ഓപ്ഷനായി പാസഞ്ചർ ട്രെയിൻ മാറിയതായി ഇത്തിഹാദ് റെയിൽ മൊബിലിറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ അദ്​റ അൽ മൻസൂരി പറഞ്ഞു. ജൂൺ 30ന്​ അബൂദബി, ഫുജൈറ സ്റ്റേഷണുകളാണ്​ തുറന്നത്​. ബാക്കി എട്ട്​ സ്​റ്റേഷനുകൾ ഒരു വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിലെ സ്റ്റേഷനും ഷാർജയിലെ അൽ ദൈദ് സ്റ്റേഷനും സെപ്റ്റംബർ 30 ന് പ്രവർത്തനക്ഷമമാകും.അൽ ദഫ്​റയിലെ മദീനത്ത് സായിദ്, ലിവ സ്റ്റേഷനുകൾ മേഖലയിലെ ഉത്സവ സീസണിനോടനുബന്ധിച്ച് ഡിസംബർ 30ന്​ ഉദ്​ഘാടനം ചെയ്യും. നേരത്തേ നവംബർ 30ന്​ തീരുമാനിച്ച ഉദ്​ഘാടനം ഉത്സവ സീസൺ പ്രമാണിച്ചാണ്​ ഡിസംബർ 30ലേക്ക്​ മാറ്റിയത്​. അൽ സില, അൽ ദന, അൽ മിർഫ സ്റ്റേഷനുകളും ഡിസംബർ 30 മുതൽ യാത്രക്കാരെ സ്വാഗതം ചെയ്യും. ഷാർജയിലെ യൂണിവേഴ്സിറ്റി സിറ്റി സ്റ്റേഷൻ 2027 മാർച്ച് 30 ന് തുറക്കുന്ന റെയിൽ ശൃംഖലയിലെ അവസാന സ്റ്റോപ്പായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *