മസ്കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ദോഫാർ തീരങ്ങളിലും സമീപത്തുമുള്ള മലനിരകളിലും മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽമഴയും അനുഭവപ്പെടും. അറബിക്കടൽ, ഒമാൻ കടൽ തീരപ്രദേശങ്ങളിൽ കുറഞ്ഞ മേഘങ്ങളും മഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം അൽ ഹജർ മലയോര മേഖലകളിൽ ശക്തമായ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യയുണ്ട്. മരുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും കാഴ്ചപരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
