പഴകിയ നൂറോളം പൊറോട്ടകൾ , കാലാവധി കഴിഞ്ഞ പാക്കറ്റ് പാലുകൾ; ഹോട്ടലിന് താഴിട്ട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ

കോഴിക്കോട്: പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടത്തിയതിനെത്തുടർന്ന് വടകര ഓർക്കാട്ടേരിയിലെ ഐ ബോൺ ഹോട്ടൽ അടച്ചുപൂട്ടിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം കണ്ടെത്തിയത്. നേരത്തെ നടത്തിയ പരിശോധനയിൽ ഹോട്ടലിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും ഈ വെള്ളം ഉപയോഗിക്കരുതെന്ന് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ ഹോട്ടൽ അധികൃതർ ഇത് അവഗണിച്ചു.

നൂറോളം പഴകിയ പൊറോട്ടകൾ, കാലാവധി കഴിഞ്ഞ പായ്ക്കറ്റ് പാൽ, ഉപയോഗസൂന്യമായ ഫ്രൈഡ് ഒനിയൻ, ദിവസങ്ങളോളം പഴക്കമുള്ള എണ്ണ,പഴകിയ തൈര് എന്നിവയാണ് കഴിഞ്ഞ ദിവസം ഹോട്ടലിൽ നിന്നും കണ്ടെത്തിയത്. പഞ്ചായത്തിന്റെ ലൈസെൻസ് ഇല്ലാതെ തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. കുടിവെളളം പരിശോധന നടത്തുന്നവരെ കിണർ ജലം ഉപയോഗിക്കരുതെന്ന നിർദേശവും ഇവർ അവഗണിച്ചു. ഇതേത്തുടർന്നാണ് ഓർക്കാട്ടേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലെരിയുടെ നേതൃത്വത്തിൽ ഹോട്ടലിലിന്റെ പ്രവർത്തനം നിർത്തിവെച്ചത്. കൂടുതൽ ഭക്ഷ്യ വിഷബാധ ഉണ്ടാവാൻ ഇടയുള്ള സാഹചര്യം ആയതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *