കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിൽ പ്രതികളുടെ ആവശ്യം തള്ളി കോടതി. ഈ മാസം 13 ന് പ്രതികൾ നേരിട്ട് ഹാജരാകണം. കേസ് പരിഗണിക്കാൻ പ്രതികൾ ഇന്നും കോടതിയിൽ ഹാജരായില്ല. അഭിഭാഷകർ വഴി ചോദ്യങ്ങൾക്ക് മറുപടി നൽകാമെന്ന് പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നു എന്ന് പ്രതികൾ കോടതിയിൽ പറഞ്ഞു. വിചാരണ വേളയിൽ എന്ത് ചെയ്യുമെന്ന് കോടതി ചോദിച്ചു. ഓൺലൈൻ വഴി ഹാജരാവാമെന്ന് പ്രതികൾ അറിയിച്ചു.
എതിർപ്പ് അറിയിച്ച് അഭിമന്യുവിന്റെ കുടുബവും രംഗത്തെത്തി. 8 വർഷത്തിനിടയിൽ പ്രതികൾ ഒരു തവണ മാത്രമാണ് ഹാജരായത് എന്ന് അഭിമന്യുവിന്റെ കുടുംബം ആവശ്യപ്പെട്ടു. തുടർന്ന് പ്രതികൾ ഈ മാസം 13ന് ഹാജരാവണമെന്ന് കോടതി ആവശ്യപ്പെട്ടു. നാല് മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പറയണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.ഇനി സമയപരിധി നീട്ടി നൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്.
