ലോകകപ്പിന് നേരിട്ട് യോഗ്യത നേടി അഫ്ഗാൻ‌

യർലൻഡിനെ തോൽപ്പിച്ച് മൂന്നാം ഏകദിനവും ജയിച്ചതോടെ 2027ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിന് അഫ്ഗാൻ നേരിട്ട് യോ​ഗ്യത ഉറപ്പാക്കി. രണ്ട് തവണ ലോക ചാംപ്യൻമാരായ വെസ്റ്റ് ഇൻഡീസ് വീണ്ടുമൊരിക്കൽ കൂടി പ്രതിസന്ധിയിലാകുകയും ചെയ്തു. ഇനി യോഗ്യതാ മത്സരങ്ങൾ കളിച്ചാൽ മാത്രമേ വെസ്റ്റ് ഇൻഡീസിന് ലോകകപ്പ് ടിക്കറ്റ് ഉറപ്പാക്കാൻ സാധിക്കൂ. കഴി‍ഞ്ഞ രണ്ട് ഏകദിന ലോകകപ്പ് പോരാട്ടങ്ങൾക്ക് യോ​ഗ്യത പോലും നേടാൻ വിൻഡീസിന് സാധിച്ചിരുന്നില്ല. അയർലൻഡിനെതിരായ മൂന്നാം പോരിൽ 3 വിക്കറ്റിന്റെ ആവേശ വിജയമാണ് അഫ്​ഗാനിസ്ഥാൻ സ്വന്തമാക്കിയത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ അഫ്​ഗാൻ 2-0ത്തിനു മുന്നിലെത്തുകയും ചെയ്തു.റാഷിദ് ഖാന്റെ ഓൾ റൗണ്ട് മികവാണ് അഫ്​ഗാൻ ജയം എളുപ്പമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അയർലൻഡിനെ 46.3 ഓവറിൽ 206 റൺസിൽ പുറത്താക്കാൻ അഫ്​ഗാന് സാധിച്ചു. അഫ്​ഗാനിസ്ഥാൻ 44.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് കണ്ടെത്തി.റാഷിദ് ഖാൻ 37 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിങിലും റാഷിദ് തിളങ്ങിയിരുന്നു. താരം 10 ഓവറിൽ 44 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു.

നിലവിൽ ഐസിസി റാങ്കിങിൽ 8ാം സ്ഥാനത്തുള്ള അഫ്​ഗാൻ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ, നമീബിയ എന്നിവർ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് പോരിലേക്ക് നേരിട്ട് യോ​ഗ്യത ഉറപ്പിക്കുകയായിരുന്നു. അവരുടെ നാലാം ലോകകപ്പ് പ്രവേശമാണിത്.സെപ്റ്റംബർ 30 വരെയുള്ള ഐസിസി ഏകദിന റാങ്കിങ് അടിസ്ഥാനത്തിലാണ് ടീമുകൾ നേരിട്ട് ലോകകപ്പ് യോ​ഗ്യത ഉറപ്പിക്കുന്നത്. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക, ഇം​ഗ്ലണ്ട്, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്ഥാൻ എന്നിവരാണ് നേരിട്ട് യോ​ഗ്യത ഉറപ്പിച്ചത്. ആതിഥേയരെന്ന നിലയിൽ ദക്ഷിണാഫ്രിക്ക, സിംബാബ്‍വെ ടീമുകളും യോ​ഗ്യത നേടി.വിൻഡീസ്, അയർലൻഡ് ടീമുകളാണ് യോ​ഗ്യതാ പോര് കളിക്കുന്ന ഐസിസിയുടെ ഫുൾ മെമ്പർ ടീമുകൾ. ലോകകപ്പ് ലീ​ഗ് 2ൽ നിന്നു നാല് ടീമുകളും വേൾഡ് കപ്പ് ക്വാളിഫയർ പ്ലേ ഓഫിൽ നിന്നുള്ള നാല് ടീമുകളുമാണ് വിൻഡീസ്, അയർലൻ‍ഡ് ടീമുകൾക്ക് പുറമെ മത്സര രം​ഗത്തുള്ളത്. ഇതിൽ നാല് ടീമുകൾക്കാണ് ലോകകപ്പ് യോ​ഗ്യത കിട്ടുക.

Leave a Reply

Your email address will not be published. Required fields are marked *