പ്രകാശ് രാജിന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി പരാതി

ബെംഗളൂരു: കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയായ എസ്.ഐ.ആർ നടപടിക്കിടെ തന്റെ പേര് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തതായി നടൻ പ്രകാശ് രാജിന്റെ ആരോപണം. ബെംഗളൂരു മണ്ഡലത്തിലെ 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് താനെന്നും, തന്റെ വോട്ടവകാശം ഇല്ലാതാക്കിയെന്നും ആരോപിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ബെംഗളൂരുവിലാണ് SIR നടപടിക്കിടെ ഏറ്റവും കൂടുതൽ വോട്ടർമാരെ ASDDO (Absent, Shifted, Duplicate, Dead and Others) വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “ഈ മണ്ഡലത്തിലാണ് ഞാൻ ജനിച്ചത്. ഇവിടെ പഠിച്ചു, തിയേറ്റർ പ്രവർത്തനങ്ങൾ നടത്തി. ഇതേ മണ്ഡലത്തിൽനിന്ന് ലോക്സഭയിലേക്ക് സ്വതന്ത്ര സ്ഥാനാർഥിയായും മത്സരിച്ചിട്ടുണ്ട്. ഇപ്പോൾ എന്റെ വോട്ടവകാശം ഇല്ലാതാക്കിയെന്നാണ് പറയുന്നത്,” -പ്രകാശ് രാജ് പ്രതികരിച്ചു.

വോട്ടർപട്ടികയിൽ പേര് തിരിച്ചുപിടിക്കാൻ ഇനി എന്തെല്ലാം രേഖകൾ ഹാജരാക്കേണ്ടിവരുമെന്ന് പരിഹാസരൂപേണ ചോദിച്ച പ്രകാശ് രാജ്, “ക്യാ ക്യാ കാഗസ് ദിഖാനാ പഡേഗാ?” എന്നും ചോദിച്ചു. വോട്ടവകാശം നിഷേധിക്കുന്നതിലൂടെ തങ്ങളെ തടയാനാകില്ലെന്നും, ജനാധിപത്യപരമായി മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ബെംഗളൂരു സെൻട്രലിലെ ശാന്തിനഗർ മണ്ഡലത്തിലെ എഎസ്ഡിഡിഒ (ആബ്സെന്‍റ്, ഷിഫ്റ്റഡ്, ഡെഡ്, ഡ്യൂപ്ലിക്കേറ്റ് ആൻഡ് അദേഴ്സ്) പട്ടികയിൽ പ്രകാശ് രാജിന്‍റെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *