തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശൻ ആർഎസ്എസിനും സംഘപരിവാറിനും കീഴടങ്ങിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വന്ദേമാതരം പൂർണ്ണമായും ആലപിക്കണമെന്ന നിലപാടാണ് വി ഡി സതീശൻ പറഞ്ഞതെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. അങ്ങനെ ആലപിക്കേണ്ടതില്ല എന്ന നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെ നേതാവ് തന്നെയാണ് ഈ നിലപാട് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു. വന്ദേമാതരം ആലപിച്ചില്ലെങ്കിൽ മൂന്നു വർഷം ശിക്ഷിക്കപ്പെടും എന്ന് വി ഡി സതീശൻ നിയമത്തെ വ്യാഖ്യാനിച്ചുവെന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി പറഞ്ഞത് യഥാർത്ഥത്തിൽ ആർഎസ്എസിന്റെ അജണ്ടയാണെന്നും രാജ്യത്തിൻ്റെ നിയമം അതല്ലെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.വന്ദേമാതരം വിഷയത്തിൽ ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെയും എം വി ഗോവിന്ദൻ വിമർശിച്ചു. ‘മുഖ്യമന്ത്രി അറിയാതെ ചീഫ് സെക്രട്ടറി താഴേക്ക് ഓർഡർ ആയിട്ട് അല്ലെങ്കിൽ സർക്കുലർ ആയിട്ട് നൽകില്ല എന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് മറച്ചുവെക്കാനാണ് അന്നും ഇന്നും മുഖ്യമന്ത്രി ശ്രമിച്ചത്. പിന്നെ സ്വാഭാവികമായിട്ടും ഇങ്ങനെ ഒരു കാര്യം പറയുമ്പോൾ കേന്ദ്ര ഗവൺമെന്റിൽ നിന്ന് ഒരു ഓർഡർ വരുന്നു അല്ലെങ്കിൽ നിർദ്ദേശം വരുന്നു. അത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിസഭയുമായിട്ടോ ഒന്നും ആലോചിക്കാതെ ചീഫ് സെക്രട്ടറി താഴത്തേക്ക് അയക്കുന്നു എന്ന് പറയുന്നത് എത്രത്തോളം തെറ്റായ ഒരു കീഴ്വഴക്കം ആയിരിക്കുമെന്ന് ആലോചിച്ച് നോക്കൂ’ എന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.
വരാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്ര നിർദ്ദേശം എഫ്സിആർഎയും ഏക സിവിൽ കോഡായിരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. ‘ആർഎസ്എസ്സിന്റെ ബിജെപിയുടെ അജണ്ടകൾ കേന്ദ്ര സർക്കാരിൻ്റെ ഓരോരോ സർക്കുലർ ആയി കേരളത്തിലേക്ക് വരുമ്പോഴും ഈ കാര്യങ്ങളെല്ലാം ചീഫ് സെക്രട്ടറി താഴേക്ക് അയച്ചോട്ടെ എന്ന നിലപാട് ഇതേ നിലപാട് സ്വീകരിക്കുന്ന മുഖ്യമന്ത്രി സ്വീകരിക്കുമെന്നാണോ നമ്മൾ പ്രതീക്ഷിക്കേണ്ട’തെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
