തെരഞ്ഞടുപ്പ് വിജയം; കെസിയെ പുകഴ്ത്തി കോണ്‍ഗ്രസ് എംഎല്‍എമാര്‍

മലപ്പുറം: മലപ്പുറത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കായി സംഘടിപ്പിച്ച സ്വീകരണത്തില്‍ വിഭാഗീയത. തെരഞ്ഞെടുപ്പ് വിജയത്തില്‍ മൂന്ന് എംഎല്‍എമാര്‍ വി ഡി സതീശന്റെ പങ്ക് പറയാത്തതാണ് ‘വിഭാഗീയ’ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത പരിപാടിയിലാണ് വി. ഡി സതീശനെ പരാമർശിക്കാതെ മൂന്ന് നേതാക്കളുടെയും പ്രസംഗം നടന്നത്. മലപ്പുറത്തെ മുഴുവന്‍ കോണ്‍ഗ്രസ് സീറ്റിലും ചരിത്രവിജയം നേടിയതിനായിരുന്നു സ്വീകരണം. പ്രചരണ ബോര്‍ഡുകളില്‍ നിന്നും വിഡി സതീശന്റെ ചിത്രം ഒഴിവാക്കിയതും ചര്‍ച്ചയായിട്ടുണ്ട്.അതേസമയം കെ സി വേണുഗോപാലിനെ എംഎല്‍എമാര്‍ പുകഴ്ത്തി.

മൂന്ന് എംഎല്‍എമാരും വേണുഗോപാലിനെ മാത്രമാണ് പുകഴ്തിയത്. കെ സി വേണുഗോപാല്‍ തന്നെ കെയര്‍ ചെയ്ത നേതാവെന്നായിരുന്ന വി എസ് ജോയി എംഎല്‍എയുടെ പരാമര്‍ശം. തന്നെ വിജയിപ്പിക്കുന്നത് വരെ കെ സി പ്രത്യേകമായി സ്‌ട്രെയിന്‍ എടുത്തെന്നും ജോയി പറഞ്ഞു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം തന്നത് കെ സി വേണുഗോപാലെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ പരാമര്‍ശം. ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് കഴിഞ്ഞാല്‍ അടുത്ത തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തിക്കണമെന്നും അതിലൂടെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാമെന്നും ഉപദേശിച്ചത് കെ സി വേണുഗോപാല്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മന്ത്രിയായ എ പി അനില്‍ കുമാറും വി ഡി സതീശനെ പരാമർശിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

അതേസമയം കെ പി നൗഷാദ് അലി എംഎല്‍എ കെ സി വേണുഗോപാലിനെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടിയില്ല. പൊന്നാനിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആണ് നൗഷാദലി. വി ഡി സതീശന്‍ സര്‍ക്കാരിന് കരുത്ത് പകരണമെന്നായിരുന്നു നൗഷാദലിയുടെ പ്രസംഗം. വി ഡി സതീശന്‍ പക്ഷത്തുള്ള പ്രധാന നേതാവാണ് കെ പി നൗഷാദ് അലി. ഇതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വിഭാഗീയ ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ ഉടലെടുക്കുന്നു എന്നാണ് വിലയിരുത്തല്‍. നേരത്തെ മുഖ്യമന്ത്രി തര്‍ക്കത്തില്‍ ഇരു നേതാക്കള്‍ക്കും വേണ്ടി പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങിയതും പരസ്യമായ വെല്ലുവിളികള്‍ ഉണ്ടായതും വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *