കണ്ണൂർ: കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ ഉന്തിലിലും തള്ളലിലുമാണ് കഴുത്തിന് പരിക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി. ആയുധം ഉപയോഗിച്ചതായി മൊഴിയിൽ പറയുന്നില്ല. ഇതോടെ ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന കോൺഗ്രസ് ആരോപണം ശരിവെക്കുന്നതാണ് മൊഴി. ആയുധം ഉപയോഗിച്ചതായി അറിയില്ലെന്ന് നേരത്തെ പോലീസ് ഉദ്യോഗസ്ഥരും സംഭവത്തിൽ മൊഴി നൽകിയിരുന്നു.
രണ്ടുമാസം മുൻപ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെയാണ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ കഴുത്തിന് പരിക്കേറ്റത്. തുടർന്ന് ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും മന്ത്രി ചികിത്സയിലായിരുന്നു.
മന്ത്രിയുടെ ഗൺമാന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കെ.എസ്.യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.
റെയിൽവേ പോലീസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ട് ദിവസം മുൻപ് തിരുവനന്തപുരത്തെത്തി മന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയത്. നേരത്തെ രണ്ടുതവണ മന്ത്രിയുടെ മൊഴിയെടുക്കാൻ പോലീസ് ശ്രമിച്ചെങ്കിലും തിരഞ്ഞെഉടപ്പ് പ്രചാരണ തിരക്കുകാരണം സാധിക്കാതെപോയി. കഴിഞ്ഞ ദിവസം നൽകിയ മൊഴിയിൽ ആയുധം ഉപയോഗിച്ചതായി പറയുന്നില്ല.
