യുവതിയും യുവാവും ഒരേ കയറില്‍ ജീവനൊടുക്കിയ നിലയിൽ

തൃശൂര്‍: തൃശൂര്‍ മാളയില്‍ യുവതിയെയും യുവാവിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂര്‍ സ്വദേശിനി മില്‍ന (24) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരേ കയറിന്റെ രണ്ടറ്റത്ത് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. പുത്തന്‍ചിറ വലിയപറമ്പിലുളള ശ്രീജിത്തിന്റെ വാടക വീട്ടിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസം മില്‍നയെ കാണാതായതായി കുടുംബാംഗങ്ങള്‍ മാള പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് മില്‍നയെ കാണാതായത്.

തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇരുവരെയും ശ്രീജിത്തിന്റെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെ രണ്ടുതവണ വിവാഹം കഴിച്ചിട്ടുളള വ്യക്തിയാണ് ശ്രീജിത്ത്. കുറച്ച് ദിവസം മുന്‍പ് ഇയാളുടെ രണ്ടാം ഭാര്യ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ മാള പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *