കൊച്ചി: ഒരിടവേളയ്ക്ക് ശേഷം കോമഡിക്ക് പ്രാധാന്യമുള്ള ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ തിയറ്ററുകളില്‍ മികച്ച പ്രതികരണം നല്‍കുന്ന കാലമാണ് ഇത്. എന്നാല്‍ കോമഡി ഉണ്ട് എന്നതുകൊണ്ട് ഒരു ചിത്രവും വിജയിക്കുന്നില്ല. മറിച്ച് അവതരണത്തില്‍ എന്തെങ്കിലും പുതുമയും മികച്ച പാക്കേജിംഗും വേണം. അത്തരത്തില്‍ സമീപകാലത്ത് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമായിരുന്നു മോഹിനിയാട്ടം. 2024 ല്‍ തിയറ്ററുകളിലെത്തിയ ഭരതനാട്യത്തിന്‍റെ രണ്ടാം ഭാഗം ആയാണ് മോഹിനിയാട്ടം എത്തിയത്. ഏപ്രില്‍ 10 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. വലിയ പ്രീ റിലീസ് ഹൈപ്പോ സ്ക്രീന്‍ കൗണ്ടോ ഇല്ലാതെ എത്തിയ ചിത്രമാണെങ്കിലും ആദ്യ ഷോകള്‍ക്കിപ്പുറം മികച്ച അഭിപ്രായം നേടാന്‍ ചിത്രത്തിനായി. ഇപ്പോഴിതാ ചിത്രം ഒടിടി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്.
പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് മോഹിനിയാട്ടം എത്തുക. വരുന്ന വെള്ളിയാഴ്ച, മെയ് 8 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. തിയറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രമാണെങ്കിലും ഒടിടിയിലൂടെ പല മടങ്ങ് വലിയ പ്രേക്ഷകവൃന്ദമാണ് ചിത്രം കാണാന്‍ ഒരുങ്ങുന്നത്. ഭരതനാട്യം കോമഡി ഡ്രാമ ചിത്രമായിരുന്നുവെങ്കില്‍ സീക്വല്‍ ആയ മോഹിനിയാട്ടം ഡാര്‍ക് കോമഡി ത്രില്ലര്‍ ഗണത്തില്‍ പെട്ട ചിത്രമാണ്. ഭരതനാട്യം സംവിധാനം ചെയ്ത കൃഷ്ണദാസ് മുരളി തന്നെയാണ് മോഹിനിയാട്ടവും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ രചനയും സംവിധാനവും കൃഷ്ണദാസ് മുരളിയാണ്. കോ റൈറ്റര്‍ ആയി വിഷ്ണു ആര്‍ പ്രദീപും ഉണ്ട്.
