തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ഇടതുസർക്കാരിനെതിരെ സംസ്ഥാനത്ത് ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. ഇത്തവണത്തെ വിധി നിർണ്ണയം വളരെ വ്യക്തമാണെന്നും അത് എൽഡിഎഫിന് അനുകൂലമാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള ജനവികാരം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലും പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജാതിമത രാഷ്ട്രീയ ബേധമില്ലാതെ, ഈ സർക്കാർ മാറണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം പിണറായി സർക്കാരിന്റെ ഭരണം അത്ര മോശമല്ലെങ്കിലും, പല മന്ത്രിമാരുടെ പ്രകടനം ജനമധ്യത്തിൽ പരിഹാസ്യമായി മാറിയെന്ന് അദ്ദേഹം വിമർശിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വീഴ്ചകൾ പോലും നേട്ടമായി ചിത്രീകരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ, രണ്ടാം പിണറായി സർക്കാരിന്റെ കാലത് ചില നേട്ടങ്ങൾ പോലും വിപരീതമായാണ് ജനങ്ങളിലേക്ക് എത്തിയതും. നവകേരള സദസ്സ് പോലുള്ള കെട്ടുകാഴ്ചകൾ ഒരു ഭാഗത്ത് നടക്കുമ്പോൾ, ആസവർക്കർമാരുടെ സമരത്തോടുള്ള സർക്കാരിന്റെ അവഗണയും അവരുടെ കണ്ണീരും സാധാരണക്കാരുടെ മനസ്സിനെ പൊള്ളിച്ചുവെന്ന് ജയശങ്കർ പറഞ്ഞു. ഇത് പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന ധാർമ്മിക വിശ്വാസികളെപ്പോലും വെറുപ്പിച്ചു. ജനവികാരം അനുസരിച്ചാണെങ്കിൽ യുഡിഎഫിന് 90 മുതൽ 100 സീറ്റുകൾ വരെ ലഭിക്കേണ്ടതായിരുന്നു. എന്നാൽ യുഡിഫിന്റെ തന്നെ ചില കാര്യങ്ങൾ കാരണം നിലവിൽ 80 , 85 അല്ലെങ്കിൽ 90 സീറ്റുകൾ വരെ യുഡിഎഫ് നേടാവുന്ന സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം വിലയിരുത്തിയുന്നു. കൂടാതെ, എൽഡിഎഫ് വിരുദ്ധ വോട്ടുകൾ ഇത്തവണ യുഡിഎഫിനും ബിജെപിക്കും ഇടയിൽ വിഭജിക്കപ്പെടും. പത്തുകൊല്ലം പിന്നിട്ട ഒരു സർക്കാരിനെതിരെ സ്വാഭാവികമായും ഉണ്ടാകുന്ന വിപ്രതിപത്തി ഇത്തവണ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നാണ് ജയശങ്കറുടെ വിലയിരുത്തൽ.
