ചിക്കൻ ഉത്പന്നങ്ങൾക്കായി പ്രീമിയം ഫുഡ് മാർക്ക്

അബുദാബി : പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ശീതീകരിച്ച ചിക്കൻ ഉത്പന്നങ്ങൾക്കായി പ്രീമിയം ഫുഡ് മാർക്ക് പുറത്തിറക്കി അബുദാബി. അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് അബുദാബി ക്വാളിറ്റി ആൻഡ് കൺഫോമിറ്റി കൗൺസിലാണ് പ്രാദേശിക ഉത്പന്നങ്ങൾക്കായുള്ള മേളയായ മെയ്ക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്‌സ് 2026-ൽ വെച്ച് പ്രീമിയം ഫുഡ് മാർക്ക് അവതരിപ്പിച്ചത്.

ദേശീയഭക്ഷ്യവ്യവസായങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം കോഴി ഉത്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അബുദാബിയുടെ ഹെൽത്തി ലിവിങ് സ്ട്രാറ്റജിയുടെ കീഴിലാണ് ഈ പദ്ധതി വികസിപ്പിച്ചെടുത്തത്. കോഴിവളർത്തൽ, തീറ്റ, കശാപ്പ്, സംസ്കരണം, പാക്കേജിങ്, വിതരണം എന്നിവയുൾപ്പെടെ മുഴുവൻ ഉത്പാദന പ്രക്രിയയും പ്രീമിയം ഫുഡ് മാർക്ക് മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും. പ്രാദേശിക കോഴി ഉത്പന്നങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കൾക്കുള്ള ആത്മവിശ്വാസം പ്രീമിയം ഫുഡ് മാർക്ക് അവതരിപ്പിക്കുന്നതിലൂടെ വർധിക്കും. കൂടാതെ ഉയർന്ന ഉത്പാദന മാനദണ്ഡങ്ങൾ സ്വീകരിക്കാൻ ഉത്‌പാദകരെ പ്രോത്സാഹിപ്പിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *