ചെന്നൈ: വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കോൺഗ്രസിനെ വിമർശിച്ച സ്റ്റാലിൻ ഒപ്പം നിന്ന പാർട്ടികൾക്ക് നന്ദി പറയുകയും ചെയ്തു. ഡിഎംകെ സഖ്യത്തിൽ ജയിച്ചിട്ടും നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയിരുന്നില്ല. മാത്രമല്ല ടിവികെയെ പിന്തുണയ്ക്കാം എന്ന കോണ്ഗ്രസ് തീരുമാനത്തിന് പിന്നാലെ അതേ ദിവസം ഡിഎംകെ ഇന്ത്യ സഖ്യം വിടുകയും ചെയ്തു. എന്നാൽ മറ്റുള്ളവർ തന്നെ കാണാൻ എത്തി. ടിവികെയ്ക്ക് പിന്തുണ നൽകുമ്പോഴും ഡിഎംകെ സഖ്യത്തിൽ തുടരുമെന്ന് പറഞ്ഞവർക്ക് നന്ദി. പല സാധ്യതകളും മുന്നിൽ വന്നെന്നും എന്നാൽ പാർട്ടി മികച്ച തീരുമാനം എടുത്തു എന്നും സ്റ്റാലിൻ പറഞ്ഞു.
അതേസമയം തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിനുള്ള നീക്കങ്ങളിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടായിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം മുതൽ സർക്കാർ രൂപീകരണത്തിനുള്ള തന്ത്രങ്ങൾ ശക്തമാക്കിയ മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും (ഇ പി എസ്) എഐഎഡിഎംകെയും നീക്കം ഉപേക്ഷിച്ചു. എംഎൽഎമാരുമായി നടത്തിയ സുപ്രധാന ചർച്ചകൾക്ക് പിന്നാലെയാണ് പിന്മാറ്റം. പുതിയ സർക്കാരുണ്ടാക്കാനും മുഖ്യമന്ത്രിയാകാനുമില്ലെന്ന് ഇ.പി.എസ് എക്സിലൂടെ വ്യക്തമാക്കി.
ഭരണം പിടിക്കാനുള്ള സാധ്യതകൾ വഴിമുട്ടിയതോടെയാണ് ഇ.പി.എസിന്റെ പിന്മാറ്റമെന്നാണ് വ്യക്തമാകുന്നത്. അധികാരത്തിലേറുന്ന പുതിയ സർക്കാരിന് ആശംസകൾ നേർന്ന് അദ്ദേഹം എക്സിൽ കുറിപ്പും പങ്കുവെച്ചു. ഇ.പി.എസിനെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കണമെന്ന് ടി.ടി.വി ദിനകരൻ ഉൾപ്പെടെയുള്ളവർ ഇന്നലെ ആവശ്യപ്പെട്ടിരുന്നെങ്കിലും, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടെ സ്വയം പിൻവാങ്ങാനാണ് എഐഎഡിഎംകെ തീരുമാനിച്ചത്.
