പ്രഖ്യാപനം വന്നാൽ പാണക്കാടേക്ക് എത്താൻ നേതാക്കൾക്ക് നിർദേശം; നിർണായക നീക്കങ്ങളുമായി ലീഗ്

മലപ്പുറം: ഡൽഹിയിൽ കോണ്‍ഗ്രസ് മുഖ്യമന്ത്രി ചര്‍ച്ച നടക്കുമ്പോൾ നിർണായക നീക്കവുമായി മുസ്ലീം ലീഗ്. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പാണക്കാട് വെച്ച് മുസ്ലീം ലീഗ് യോഗം ചേരും. പ്രഖ്യാപനം ഉണ്ടായാൽ പാണക്കാടേക്ക് ഉടൻ എത്താനാണ് നേതാക്കൾക്ക് നിർദേശം നൽകിയിട്ടുള്ളത്. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശന് ഉറച്ച പിന്തുണയാണ് ലീഗ് നൽകിയിട്ടുള്ളത്. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുമായി ലീഗ് ആശയവിനിമയം നടത്തിയിരുന്നു. സതീശന്‍റെ കാര്യത്തിൽ പാർട്ടി അയയില്ല എന്ന നിലപാട് പാണക്കാട് സാദിഖലി തങ്ങൾ തന്നെ സ്വീകരിച്ചു എന്നാണ് പുറത്തുവരുന്നത്. ‌‌‌

അതേസമയം, സമീപകാലത്ത് ഒരു വിഷയത്തിൽ ലീഗ് ഇത്ര കടുപ്പിക്കുന്നത് ആദ്യമായാണ്. സാദിഖലി തങ്ങളുടെ നിർദേശ പ്രകാരം ഇ.ടി മുഹമ്മദ് ബഷീർ എംപി ദേശീയ നേതാക്കളുമായി ആശയവിനിമയം നടത്തി. ജനവികാരത്തിനനുസരിച്ച് മുന്നോട്ട് പോകണമെന്നും കെ.സി വേണു​ഗോപാലിനെ മുഖ്യമന്ത്രിയാക്കരുതെന്നും ലീ​ഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പ്രിയങ്ക ​ഗാന്ധി ഉൾപ്പെടെ ​ഗൗരവത്തിലെടുത്തിട്ടുണ്ട് എന്ന വിലയിരുത്തലിലാണ് ലീ​ഗ്. എന്നാൽ ലീ​ഗിനെ ​ഗൗനിക്കാതെ തീരുമാനം എടുത്ത് കോൺ​ഗ്രസ് മുന്നോട്ട് പോയാൽ ലീ​ഗ് കടുത്ത നിലപാ‌ട് എടുക്കുമെന്ന് ലീ​ഗ് ദേശീയ-സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്. സാദിഖലി തങ്ങളാണ് തീരുമാനം അറിയിച്ചിരിക്കുന്നത്.

ലീ​ഗിന്റെ രണ്ട് യോ​ഗങ്ങൾ ചേർന്നാണ് വിഡിക്കുള്ള പിന്തുണ അറിയിച്ചിട്ടുള്ളത്. കൂടാതെ ഉപതെരഞ്ഞെടുപ്പ് നേരിടാനും ലീ​​ഗിൽ താൽപ്പര്യമില്ല. ആലപ്പുഴയിലേലും കണ്ണൂരിലേയും നേതാക്കളും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സതീശന്‍റെ മതേതര നിലപാടുകൾ കോൺ​ഗ്രസിനെ അധികാരത്തിലെത്തിക്കാൻ കാരണമായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ലീ​ഗ് നേതൃത്വം. കുറ്റ്യാടി, നാദാപുരം, വടകര തുടങ്ങിയ ഇടങ്ങളിൽ സതീശന് വേണ്ടിയുള്ള പ്രകടനത്തിൽ ലീ​ഗ് നേതാക്കളും പങ്കെ‌ടുത്തിരുന്നു. കൂടാതെ ഉപതെരഞ്ഞെടുപ്പ് നടന്നാൽ സഹകരിക്കില്ലെന്നും പ്രാദേശിക നേതാക്കൾ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *