കൊല്ലം: പുതിയ സർക്കാർ അധികാരമേൽക്കും മുൻപ് തന്നെ കൊല്ലം ജില്ലയിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ ഇടപെടലിലൂടെയാണ് വ്യാപകമായ സ്ഥലം മാറ്റങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഇത്തരം സ്ഥലംമാറ്റം നടന്നിട്ടുണ്ട്.
സഹകരണവകുപ്പിൽ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരെ സ്ഥലം മാറ്റി. സഹകരണവകുപ്പിന്റെ ജില്ലാ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലെ ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ക്ലാസ്-4 തസ്തികയിലെ ജീവനക്കാരുടെ സ്ഥലംമാറ്റം ജീവനക്കാരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമേ നടത്താൻ പാടുള്ളൂ എന്ന സർക്കാർ ഉത്തരവ് നിലനിൽക്കെ ചട്ടവിരുദ്ധമായി സ്ഥലംമാറ്റം നടത്തി. എൻജിഒ യൂണിയന്റെ സമരത്തെ തുടർന്ന് ഈ ഉത്തരവ് റദ്ദുചെയ്തു.
ഭരണസൗകര്യാർഥമുള്ള ഉത്തരവ് കോൺഗ്രസ് അനുകൂല സംഘടനയായ കേരള എൻ.ജി.ഒ അസോസിയേഷന്റെ ശുപാർശക്കത്തുകൾ പരിഗണിച്ചാണെന്നാണ് ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം റൂറൽ പൊലീസിൽ ജൂനിയർ സൂപ്രണ്ട്, സീനിയർ ക്ലാർക്ക്, ക്ലാർക്ക് തസ്തികകളിൽ സ്ഥലംമാറ്റം നടന്നു. യുഡിഎഫിന്റെ തെരഞ്ഞെടുപ്പുവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തതും വിവാദമായിട്ടുണ്ട്. ഒരു പൊലീസ് ഉദ്യോഗസ്ഥനും ലഡുവിതരണത്തിന് നേതൃത്വം നൽകിയതായി പരാതി ഉയർന്നു.
