KSRTC സൗജന്യ യാത്ര: കോംപറ്റീഷൻ കമ്മിഷനെ സമീപിക്കാൻ ഒരുങ്ങി സ്വകാര്യബസുകൾ

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയെ ബാധിച്ചതോടെ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ (സിസിഐ.) സമീപിക്കാനൊരുങ്ങി ബസ് ഉടമകൾ. തിരഞ്ഞെടുപ്പു വാഗ്ദാനപ്രകാരം സർക്കാർ നടപ്പാക്കിയ സൗജന്യ യാത്രയ്‌ക്കെതിരേ സ്വകാര്യവ്യക്തി നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ഒരു വിഭാഗം ബസ്സുടമകൾ സി.സി.ഐയെ സമീപിക്കാൻ തീരുമാനിച്ചത്.

ഇടതുപക്ഷ ആനുകൂല്യമുള്ള ബസ്സുടമാ സംഘടനയുടെ നേതാക്കൾ ഇതിനായുള്ള നിയമോപദേശം തേടി. വിപണികളിൽ ന്യായവും ആരോഗ്യകരവുമായ മത്സരം ഉറപ്പാക്കാനും, കുത്തകവത്കരണം തടയാനും, ഉപഭോക്താക്കളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനുമായി 2002-ലെ കോംപറ്റീഷൻ ആക്ട് പ്രകാരം സ്ഥാപിതമായ നിയമാനുസൃത സ്ഥാപനമാണ് സി.സി.െഎ. സമാനമായ വ്യവസായ മേഖലയിൽ ഒരു വിഭാഗം മാത്രം കൂടുതൽ ഇളവുകൾ നൽകിയാൽ സി.സി.ഐയിൽ പരാതിപ്പെടാം.

സർക്കാർ കൈകാര്യം ചെയ്യുന്ന വ്യാപാര, വ്യവസായ മേഖലകളിൽ സ്വകാര്യ സ്ഥാപനങ്ങളും അതേ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ സർക്കാരിന് മുൻതൂക്കം നൽകില്ല. അതിനാൽ വേർതിരിവില്ലാതെ പരാതിപ്പെടാം. എന്നാൽ സൗജന്യ, സേവന മേഖലകളിൽ സി.സി.ഐ ഇടപെടാറില്ല. സമാന വ്യവസായങ്ങളെ നശിപ്പിക്കുന്ന രീതിയിലുള്ള കില്ലിങ് ഓഫറുകൾ നടത്തിയ പല കമ്പനികൾക്കും സി.സി.ഐ കടുത്ത പിഴ ഈടാക്കിയിട്ടുണ്ട്. കേരളത്തിൽ കെ.എസ്.ആർ.ടി.സി.യും സ്വകാര്യബസുകളും ഒരേ ചാർജ് ഈടാക്കിയാണ് യാത്ര ചെയ്യാൻ അനുവദിച്ചിരുന്നത്.അതിനാൽ കെ.എസ്.ആർ.ടി.സി.യുടേത് സേവനമായി കണക്കാക്കാനാകില്ല. ട്രാൻസ്‌പോർട്ട് കോർപറേഷന്റേത് തികച്ചും ബിസിനസ് ആയതിനാലാണ് ലാഭനഷ്ടക്കണക്കുള്ളത്. കെ.എസ്.ആർ.ടി.സി.യും സ്വകാര്യ ബസ് മേഖലയും പരസ്പരം മത്സരിക്കുന്ന ബിസിനസ് സംവിധാനങ്ങളാണ്. അവിടെയാണ് കെ.എസ്.ആർ.ടി.സി. കില്ലിങ് ഓഫർ നൽകിയിരിക്കുന്നത്. സർക്കാരിന്റെ മറ്റു സേവനങ്ങളെ ഈ കൂട്ടത്തിൽ പെടുത്താൻ കഴിയില്ല. ഇതാണ് ഉടമകളുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *