ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും അത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും ബിനോയ് വിശ്വം പറഞ്ഞു. ആശ സമരത്തിൽ തൊഴിലാളികളെ അധിക്ഷേപിച്ചത് വലിയ തെറ്റാണ്. തൊഴിലാളി സമരങ്ങളെ അധിക്ഷേപിക്കുന്നത് കമ്മ്യൂണിസ്റ്റ് പാരമ്പര്യമല്ല. തെരഞ്ഞെടുപ്പ് തോൽവി ജനങ്ങളുടെ മുന്നറിയിപ്പ് ആണെന്നും പിഴവുകൾ തിരുത്തി മുന്നോട്ട് വന്നേ മതിയാകൂവെന്നും ബിനോയ് വിശ്വം പറഞ്ഞു. അതേസമയം, സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തെ മാറ്റത്തെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു. താൻ മാറണമെന്ന് ഫേസ്ബുക്കിൽ ചിലർ പറഞ്ഞിട്ട് കാര്യമില്ലെന്നും കമ്മ്യൂണിസ്റ്റ് രീതി അതല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. നേതൃമാറ്റ ആവശ്യം ഉയർന്നിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ നേതാവാകുമോ എന്ന ചോദ്യത്തിന് പിണറായി വിജയൻ കൃത്യമായി ഉത്തരം പറഞ്ഞില്ല. ഡൽഹിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പിന്നെ കാണാം എന്ന് മാത്രമായിരുന്നു പിണറായിയുടെ മറുപടി. മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും പിണറായി മറുപടി പറഞ്ഞില്ല.
