കൂൾ ആവാൻ പറഞ്ഞ് രാഹുൽ ഗാന്ധി

ഡൽഹി: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി പോരടിച്ച് ഡൽഹിയിലെത്തിയ കേരളത്തിലെ കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി പറഞ്ഞു: ”ആദ്യം നിങ്ങളൊന്ന് റിലാക്‌സ് ചെയ്യൂ. വലിയ യുദ്ധംകഴിഞ്ഞ് വന്നതല്ലേ.” പിരിമുറുക്കത്തിന് അയവുവരുത്താനും ചർച്ചയ്ക്ക് തുടക്കമിടാനുള്ള അന്തരീക്ഷം ഒരുക്കാനുമായിരുന്നു രാഹുലിന്റെ നർമം. കേരളത്തിലെ അന്തരീക്ഷം ഇത്രയും മോശമാക്കിയതിലുള്ള നീരസം അദ്ദേഹം പ്രകടിപ്പിച്ചു. തെരുവിൽ അണികളെ ഇളക്കിവിട്ടത് ശരിയായില്ല. നിങ്ങൾ അറിയാതാണവർ ഇറങ്ങിയതെങ്കിൽ പിന്തിരിപ്പിക്കണമായിരുന്നു. തെരുവിൽ ആളെയിറക്കിയുള്ള സമ്മർദംവഴി ഹൈക്കമാൻഡിനെക്കൊണ്ട് തീരുമാനമെടുപ്പിക്കാമെന്ന് കരുതരുത്. അങ്ങനെവന്നാൽ മറ്റുസംസ്ഥാനങ്ങളിലും അതാവർത്തിക്കുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.

കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഒറ്റയ്‌ക്കൊറ്റയ്ക്ക് സംസാരിച്ചു.തുടർന്നുള്ള ദിവസങ്ങളിലും നിങ്ങൾ എന്ത് ചെയ്യുന്നുവെന്ന് ഹൈക്കമാൻഡ് നിരീക്ഷിക്കുമെന്നും രാഹുൽ പറഞ്ഞു. ‘നമുക്ക് സമയമുണ്ട്, തിരക്കുകൂട്ടേണ്ട കാര്യമില്ല. തീരുമാനം എല്ലാവരെയും ബഹുമാനിക്കുന്നതായിരിക്കും’ എന്ന് വ്യക്തമാക്കിയ രാഹുൽ, നേതാക്കൾക്ക് കേരളത്തിലേക്ക് മടങ്ങാമെന്നും സോണിയാ ഗാന്ധിയുമായും എ.കെ. ആന്റണിയുമായും സംസാരിച്ച് അന്തിമതീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *