ചെന്നൈ : തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യിലെ ഒരുവിഭാഗം ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. സി.വി. ഷണ്മുഖം നയിക്കുന്ന വിഭാഗമാണ് ഭരണപക്ഷത്തിന് പിന്തുണയറിയിച്ചത്. പിന്നാലെ ചൊവ്വാഴ്ച മുഖ്യമന്ത്രി ജോസഫ് വിജയ്യെ കാണാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഷണ്മുഖം പറഞ്ഞു. സംസ്ഥാനത്ത് എ.ഐ.എ.ഡി.എം.കെ.യ്ക്ക് തുടർച്ചയായുണ്ടായ തോൽവികളാണ് ഈ മാറ്റത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ അതിന്റെ ഭാവിയെക്കുറിച്ച് ചർച്ച വേണമെന്ന് ഷണ്മുഖം പറഞ്ഞു. ടി.വി.കെ. സർക്കാർ രൂപവത്കരിക്കുന്നതിനെ തടയാൻ മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഡി.എം.കെ.യുമായി സഖ്യം ചേരുന്നതിനെക്കുറിച്ച് ചിന്തിച്ചതിനെയും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ 53 വർഷമായി ഡി.എം.കെ.യ്ക്കെതിരേ നിലകൊള്ളുന്ന പാർട്ടിയാണ് ഐ.ഐ.എ.ഡി.എം.കെ.യെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം എ.ഐ.എ.ഡി.എം.കെ.യെ പിളർത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും ഷണ്മുഖം പറയുന്നു. നിലവിൽ തങ്ങൾക്ക് സഖ്യമില്ല. പാർട്ടിയുടെ പുനരുജ്ജീവനത്തിലും ശക്തിപ്പെടുത്തലിലുമാണ് ശ്രദ്ധ. വിജയിച്ച ടി.വി.കെ.യ്ക്ക് പിന്തുണ നൽകാൻ തങ്ങൾ തീരുമാനിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
