വാളയാർ ആൾക്കൂട്ട കൊലപാതകം: 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിച്ചില്ല

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് കഴിഞ്ഞതോടെയാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണ സംഘം ഇതുവരെ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. 2025 ഡിസംബർ 17 ന് വൈകിട്ടാണ് ഛത്തീസ്‌ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. ഏഴ് പ്രതികൾക്കാണ് മണ്ണാർക്കാട് കോടതി ജാമ്യം അനുവദിച്ചത്.

മോഷ്ടാവാണെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞുവെച്ച് മർദ്ദിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. കൊലക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം പ്രകാരമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ ബംഗ്ലാദേശിയാണോയെന്ന് ചോദിച്ചാണ് ആക്രമിച്ചത്. സ്ത്രീകളടക്കം 20 പേരാണ് പ്രതികൾ.

നാല് പ്രതികൾ സജീവ ആർഎസ്എസ് – ബിജെപി പ്രവർത്തകരെന്നും വിവരം പുറത്തുവന്നിരുന്നു. രാംനാരായൺ ഭഗേലിനെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ മൊബൈലിൽ പകർത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *