പഠനാവശ്യത്തിന് നൽകിയ മൃതദേഹം തിരികെ നൽകാനാവില്ല; ഹൈക്കോടതി

കൊച്ചി: പഠനാവശ്യത്തിനായി നൽകിയ മൃതദേഹം തിരികെ തിരികെനൽകാനാകില്ലെന്ന് ഹൈക്കോടതി. മെഡിക്കൽ കോളേജിന് വിട്ടുനൽകിയ അമ്മയുടെ മൃതദേഹം, മക്കളിൽ ചിലർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് തിരികെനൽകാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞത്. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനായി മൃതദേഹം മടക്കി നൽകണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പരേതയുടെ ഏഴുമക്കളിൽ മൂന്നുപേർ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. മരണശേഷം ശരീരം വിട്ടുനൽകണമെന്ന വ്യക്തിയുടെ താത്‌പര്യം മറികടക്കാൻ ഇത്തരം അവകാശവാദങ്ങൾകൊണ്ട് സാധ്യമല്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ഫെബ്രുവരി 23-നാണ് മേരി മരിച്ചത്. സമ്മതമില്ലാതെ മറ്റുസഹോദരങ്ങൾചേർന്ന് അമ്മയുടെ മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കൽ കോളേജിന് കൈമാറിയെന്നായിരുന്നു ഹർജിക്കാരുടെ പരാതി. മൃതദേഹം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്കും ഞാറയ്ക്കൽ പോലീസിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. തുടർന്നാണ് ഹൈക്കോടതിയിൽ എത്തിയത്. അതേസമയം, മരണശേഷം ശരീരം പഠനാവശ്യത്തിനായി വിട്ടുനൽകാൻ അമ്മ നേരത്തേത്തന്നെ സമ്മതപത്രം നൽകിയിരുന്നതായി മറ്റു സഹോദരങ്ങൾ കോടതിയെ അറിയിച്ചു. സമ്മതപത്രം പരിശോധിച്ച കോടതി, അത് പിൻവലിച്ചിരുന്നെന്ന ഹർജിക്കാരുടെ വാദത്തിന് തെളിവുകളില്ലെന്ന് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *