രാഘവ് ഛദ്ദക്കെതിരെ വീണ്ടും വിമർശനം

ന്യൂഡൽഹി: ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദയ്‌ക്കെതിരെ കടുത്ത വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ഉന്നയിക്കേണ്ട പ്രധാന വിഷയങ്ങളിൽ നിന്ന് ഛദ്ദ ഒഴിഞ്ഞുമാറുന്നുവെന്നും പകരം സ്വന്തം പ്രശസ്തിക്കായി “സോഫ്റ്റ് പിആർ” പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണെന്നും മൻ ആരോപിച്ചു. രാഘവ് ചദ്ദ നിലവിൽ പാർട്ടിയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്നോ മുൻഗണനകളിൽ നിന്നോ മാറി മറ്റൊരു തലത്തിലാണ് സംസാരിക്കുന്നതെന്ന് മൻ പരിഹസിച്ചു.

രാജ്യത്തെ ബാധിക്കുന്ന ഗൗരവകരമായ രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വിമാനത്താവളത്തിലെ കാന്റീനിലെ സമോസയെക്കുറിച്ചും മറ്റും സാമൂഹ്യമാധ്യമങ്ങളിൽ സംസാരിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ആം ആദ്മി പാർട്ടി വക്താക്കളും കുറ്റപ്പെടുത്തി. നമ്മൾ എല്ലാവരും അരവിന്ദ് കെജ്‌രിവാളിന്റെ പടയാളികളാണെന്നും, രാജ്യം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ ഇത്തരം നിസാര കാര്യങ്ങൾക്കല്ല മുൻഗണന നൽകേണ്ടതെന്നും എഎപി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമാകുന്ന രീതിയിലാണ് ഭഗവന്ത് മന്നിന്റെ പുതിയ പ്രതികരണം. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പോരാട്ടം നയിക്കുന്ന വേളയിൽ മുതിർന്ന നേതാക്കൾ തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *