ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു; പരാതിയുമായി നടി നീന കുറുപ്പ്

കൊച്ചി: താരസംഘടനയായ അമ്മയിലെ തർക്കം കനക്കുന്നു. അധിക്ഷേപിച്ചെന്ന അൻസിബയുടെ ആരോപണം ശരിവച്ച് നടി നീന കുറുപ്പ്. ടിനി ടോം തന്നേയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കേട്ടാൽ അറയ്ക്കുന്ന തെറിവിളിച്ചെന്നും സംഘടനയ്ക്ക് നൽകിയ പരാതിയിൽ നീനാ കുറുപ്പ് പറയുന്നു.

മറ്റ് അംഗങ്ങൾ പിടിച്ച് മാറ്റിയത് കൊണ്ടാണ് മർദനമേൽക്കാതിരുന്നത്. തനിക്ക് മാത്രമല്ല മറ്റ് അംഗങ്ങൾക്കും ടിനി ടോമിൻ്റെ ക്രൂരതകൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും നീന കുറുപ്പ് പറയുന്നു.

ടിനി ടോമിൻ്റെ പ്രവർത്തിയിൽ വനിത അംഗങ്ങൾ പരാതി തുറന്ന് പറയാൻ ഭയക്കുന്നുവെന്ന് നീന കുറുപ്പ് പറഞ്ഞു.

എക്സ്ക്യൂട്ടിവ് അംഗത്തെ ടിനി ടോം മതതീവ്രവാദിയാക്കാൻ ശ്രമിച്ചതിന് താൻ സാക്ഷിയാണെന്നും രണ്ടാനച്ചനെ ചേർത്ത് അവർക്കെതിരെ ടിനി ടോം ലൈംഗിക കഥകൾ പടച്ച് വിട്ടുവെന്നും നടി പറയുന്നു. ടിനി ടോമിനെതിരെ ശക്തമായ നടപടി വേണമെന്നും പരാതിയിൽ നീന കുറുപ്പ് ആവശ്യപ്പെട്ടു.

താര സംഘടന അമ്മയുടെ ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അൻസിബ കഴിഞ്ഞ ഫെബ്രുവരിയിലാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെക്കുന്നത്.

വ്യക്തിപരമായ കാരണങ്ങളാൽ ആണ് രാജി എന്ന് അറിയിച്ചെങ്കിലും എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമും മറ്റൊരു വനിതാ എക്സിക്യൂട്ടീവ് അംഗവും വ്യക്തിഹത്യ ചെയ്യുന്നതിനാലാണ് രാജി എന്നാണ് അൻസിബയുടെ ആരോപണം. ടിനി ടോം തനിക്കെതിരെ അവിഹിത കഥകൾ പ്രചരിപ്പിക്കുന്നു എന്നും തന്നെ ജിഹാദി എന്ന് വിളിച്ചു എന്നും അൻസിബ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *