വയോജന വകുപ്പ് ആര് കൈകാര്യം ചെയ്യും? സർക്കാരിൽ ധാരണ ആയില്ല

തിരുവനന്തപുരം: പുതിയ സർക്കാരിൽ വയോജന വകുപ്പ് ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിൽ ഇതുവരെ ധാരണ ആയില്ല. മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് ഇറങ്ങിയ വിജ്ഞാപനത്തിൽ വയോജന വകുപ്പിനെ കുറിച്ച് പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി വി.ഡി സതീശന് വകുപ്പ് കൈകാര്യം ചെയ്യണമെന്ന ആഗ്രഹം ഉണ്ടെന്നാണ് സൂചന. തെരഞ്ഞെടുപ്പിന് മുമ്പ് അഞ്ച് ഇന്ദിരാ ഗാരൻ്റികളാണ് യുഡിഎഫ് പ്രഖ്യാപിച്ചത്. അതിൽ രണ്ടെണ്ണം നടപ്പാക്കാൻ വേണ്ടി ആദ്യ മന്ത്രിസഭായോഗം തന്നെ തീരുമാനമെടുത്തു. അതിലൊന്നായിരുന്നു വയോജനങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക വകുപ്പ്.

എന്നാൽ വകുപ്പ് വിഭജനം പൂർത്തിയായി മന്ത്രിമാരെല്ലാം ചുമതല ഏറ്റെടുത്ത്, എംഎൽഎമാരുടെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടും വയോജന വകുപ്പ് ആർക്കാണെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ച് ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിലും വയോജന വകുപ്പ് ഉൾപ്പെടുത്തിയിട്ടില്ല. വകുപ്പ് കൈകാര്യം ചെയ്യണമെന്ന ആഗ്രഹം മുഖ്യമന്ത്രിക്കുണ്ടെങ്കിലും കോൺഗ്രസിലെ വിവിധ പക്ഷങ്ങൾ അതിനോട് അനുകൂല നിലപാട് സ്വീകരിക്കാൻ തയ്യാറായിട്ടില്ല. വകുപ്പ് രൂപീകരിച്ച് തീരുമാനമാകുന്നതിന് പിന്നാലെ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ കാര്യത്തിലും ധാരണ ഉണ്ടാകുമെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *