തിരുവനന്തപുരം: തിരുവനന്തപുരത്തും ഹരിപ്പാട്ടും പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരത്ത് ജനറൽ ആശുപത്രിയിൽ കെട്ടിടങ്ങൾ നിർമിച്ചിരുന്നു. അവിടെത്തന്നെയാണ് പുതിയ കോളേജ് ഉദ്ദേശിക്കുന്നതും. നേരത്തേ ഇവിടെ നൂറു സീറ്റിന് അനുമതിലഭിച്ചിരുന്നു. അതൊക്കെ റദ്ദായസ്ഥിതിക്ക് ആദ്യംമുതൽ നടപടികൾ ആരംഭിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഹരിപ്പാട് മെഡിക്കൽ കോളേജിന് അനുമതി ലഭിച്ചിരുന്നു. 25 ഏക്കർ ആരോഗ്യവകുപ്പിന് കൈമാറിക്കിട്ടിയിരുന്നു. ഹരിപ്പാട് ഉടൻ നിർമാണം തുടങ്ങാനാണ് തീരുമാനം. 25 ഏക്കർ സർക്കാരിന്റെ പക്കലുണ്ട്. യു.ഡി.എഫ്. സർക്കാർ തുടക്കമിട്ട മറ്റ് മെഡിക്കൽ കോളേജുകളുടെയും സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും .അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ഒരു രോഗിയും നിലത്തുകിടക്കരുതെന്നാണ് ആഗ്രഹം. അതിനായി സൗകര്യം വർധിപ്പിക്കും. പല പുതിയ മെഡിക്കൽ കോളേജുകളിലും സൗകര്യമുണ്ടായിട്ടും രോഗികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് റഫർചെയ്യുന്നത് അവസാനിപ്പിക്കും. ഡോക്ടർമാരെ വിന്യസിച്ച് ഇടുക്കിയടക്കമുള്ള മെഡിക്കൽ കോളേജുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആരോഗ്യരംഗത്തെ മികച്ചതാക്കും
