കൊച്ചി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച സിപിഐഎം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, കേന്ദ്ര കമ്മിറ്റി അംഗം പി. രാജീവ്, സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. അരുൺ കുമാർ, മുൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ ഉൾപ്പെടെ ഇരുപതോളം പ്രവർത്തകർക്കെതിരെയാണ് കേസ്. സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ചിനെതിരെ എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്നലെ രാവിലെ 11 മണിയോടെ ആണ് പ്രതിഷേധ മാർച്ച് നടത്തിയത്. സിപിഎം എറണാകുളം ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച് പാർക്ക് അവന്യൂ റോഡ്, ഷണ്മുഖം റോഡ് വഴി മേനക ജംഗ്ഷനിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിൽ പങ്കെടുത്തവർ നിയമവിരുദ്ധമായി സംഘം ചേരുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതായും, വലിയ രീതിയിലുള്ള ഗതാഗത തടസ്സം സൃഷ്ടിച്ചതായും ആണ് എഫ്.ഐ.ആറിലെ പരാമർശം. എറണാകുളം സെൻട്രൽ പോലീസ് സബ് ഇൻസ്പെക്ടർ രാംലാൽ എ.ആർ ആണ് പരാതിക്കാരൻ. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS) സെക്ഷൻ 173 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, ബിഎൻഎസ് 189(2), 191(2), 190, 285 വകുപ്പുകളും 2011-ലെ കേരള പബ്ലിക് വേയ്സ് ആക്ട് സെക്ഷൻ 6 ഉം ചുമത്തിയിട്ടുണ്ട്.
