ഡൽഹി: ഡൽഹിയിലെ ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിലെ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും മൂന്ന് മാസമായി ശമ്പളം ലഭിച്ചില്ല. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വേതനം മുടങ്ങിയത്. ശമ്പളത്തിൻ്റെ ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസവും ഭരണപരമായ തടസ്സങ്ങളുമാണ് കാരണമായി പറയുന്നത്. ഡൽഹി സർക്കാർ ആരോഗ്യവകുപ്പും ധനകാര്യവകുപ്പും തമ്മിലുള്ള തർക്കങ്ങളും ഇതിന് പിന്നിലുണ്ടെന്നും ആരോപണമുണ്ട്.
അതേസമയം, ശമ്പളം മുടങ്ങിയതോടെ പല ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വീട്ടുവാടക നൽകാനോ നിത്യചെലവുകൾക്കോ പണമില്ലാത്ത അവസ്ഥയാണെന്നും, വിഷയം ഉന്നയിച്ച് അധികൃതർക്ക് കത്തയച്ചിട്ടുണ്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിട്ടില്ലെന്നുമാണ് പരാതി.
അതേസമയം, ശമ്പളം മുടങ്ങിയിട്ടും ഭൂരിഭാഗം ക്ലിനിക്കുകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, ഈ സാഹചര്യം തുടർന്നാൽ ആരോഗ്യ സേവനങ്ങളെ അത് ബാധിക്കുമെന്നു ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.
