മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സിദ്ധരാമയ്യ; ലോക്ഭവനിൽ എത്തി രാജിക്കത്ത് സമർപ്പിച്ചു

ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സിദ്ധരാമയ്യ. ലോക്ഭവനിൽ എത്തി രാജിക്കത്ത് സമർപ്പിച്ചു. ഗവ‍ർണർ സ്ഥലത്തില്ലാത്തതിനാൽ ഓഫീസിൽ രാജിക്കത്ത് ഏൽപിച്ചു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനാലാണ് രാജി വെച്ചതെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. നേതൃത്വം പറഞ്ഞാൽ രാജിവെക്കുമെന്ന് താൻ നേരത്തെ പറ‌‌‌ഞ്ഞിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ബെംഗളുരുവിൽ നിന്ന് ഡൽഹിയിലേക്ക് തിരിക്കും.

മുഖ്യമന്ത്രിയാകുന്ന ഡി.കെ ശിവകുമാറിനൊപ്പമാണ് അദ്ദേഹം ലോക്ഭവനിലെത്തിയത്. ജി. പരമേശ്വരയും അനുഗമിച്ചു. സമവായത്തിനായി സിദ്ധരാമയ്യയുടെ നിരവധി ഉപാധികള്‍ ഹൈക്കമാന്‍ഡ് സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുഖ്യമന്ത്രി പദത്തിനായി തര്‍ക്കമുണ്ടായിരുന്നു. അന്ന് രണ്ടര വര്‍ഷം ഫോര്‍മുലയിലാണ് തര്‍ക്കം അവസാനിപ്പിച്ചത്. സിദ്ധരാമയ്യ മൂന്നാം വര്‍ഷത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.

പിസിസി അധ്യക്ഷസ്ഥാനത്തേക്ക് സതീഷ് ജർകിഹോളി പരിഗണനയിലുണ്ട്. മൂന്ന് ഉപമുഖ്യമന്ത്രിമാർക്കും സാധ്യതയുണ്ട്. ആഭ്യന്തരമന്ത്രി ജി പരമേശ്വര, മന്ത്രി എംബി പാട്ടീൽ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മകനെ ഉപമുഖ്യമന്ത്രിയാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടേക്കും. മന്ത്രിസഭ രൂപീകരണത്തിലും ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടാകും. സിദ്ധരാമയ്യയെ പിണക്കാതിരിക്കാൻ ഡി.കെ ശിവകുമാറിന് “ഫ്രീഹാൻഡ്” നൽകിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *