തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. ഗണ്മാൻമാർക്കെതിരെ നരഹത്യശ്രമം ചുമത്തി പ്രത്യേക അന്വേഷണസംഘം. ആലപ്പുഴ മജിസ്‌ട്രെറ്റ് കോടതിയിൽ എസ്ഐടി റിപ്പോർട്ട് സമർപ്പിച്ചു. ഉടൻ അറസ്റ്റിലേക്ക് കടക്കും. ഇതോടെ ഇന്ന് കോടതിയിൽ കീഴടങ്ങാനിരുന്ന ഗൺമാൻമാർ മുങ്ങി.
സംഭവത്തിൽ 5 പേർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു. Mഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ്, പൊലീസ് ഉദ്യോഗസ്ഥരായ ഷൈജു, അരുൺ, വിപിൻ എന്നിവർക്കെതിരെയാണ് നടപടി. പുനരന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം 5 പേരെ പ്രതികളാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയിലാണ് എസ്ഐടി റിപ്പോർട്ട് നൽകിയത്. തുടർന്ന് പ്രതികൾക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ നൽകികൊണ്ട് ഡിജിപിക്ക് റിപ്പോർട്ട് കൈമാറുകയായിരുന്നുവെന്നാണ് വിവരം. ഇതിനുപിന്നാലെയാണ് നടപടി ഉണ്ടായത്.
2023 ഡിസംബറിലാണ് സംഭവം നടക്കുന്നത്. നവകേരള യാത്രയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് ആലപ്പുഴ ജനറൽ ആശുപത്രി ജംങ്ഷനിലൂടെ കടന്നുപോയപ്പോൾ യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി തോമസ്, അജയ് ജുവൽ കുര്യാക്കോസ് എന്നിവർ കരിങ്കൊടി കാണിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.
പ്രതിഷേധക്കാരെ പൊലീസുകാർ സ്ഥലത്തുനിന്ന് മാറ്റിയതിന് പിന്നാലെ, മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻ അനിൽ കുമാറും സുരക്ഷാ ഉദ്യോഗസ്ഥനായ എസ്. സന്ദീപും ചേർന്ന് പ്രവർത്തകരെ ലാത്തി ഉപയോഗിച്ച് അതിക്രൂരമായി മർദക്കുകയായിരുന്നു. മർദനത്തിൽ തോമസിന്റെ തലയ്ക്കും അജയ് ജുവലിന്റെ കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. ദൃശ്യങ്ങൾ സഹിതം പരാതി നൽകിയിട്ടും ആദ്യം കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയുടെ ഇടപെടലിനെത്തുടർന്നാണ് ഗൺമാൻമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
