ചെന്നൈ: തമിഴ്നാട്ടിൽ നിയുക്ത ടിവികെ എംഎൽഎ വാളുകൊണ്ട് കേക്ക് മുറിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. റോയപുരത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിജയ് ദാമു ആണ് പിറന്നാൾ കേക്ക് വാൾ ഉപയോഗിച്ച് മുറിച്ചത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനങ്ങൾ ആണ് ഉയർന്നത്. തുടർന്ന്, പുലിയൻതോപ്പ് സ്വദേശി ജിജി ശിവ ചെന്നൈ പൊലീസ് കമ്മീഷണറുടെ ഓഫീസിനും ഡിജിപിയുടെ ഓഫീസിനും പരാതി നൽകി.
ആളുകൾ നോക്കിനിൽക്കെയാണ് വിജയ് ദാമു പിറന്നാൾ ആഘോഷത്തിനിടെ വാൾ ഉപയോഗിച്ച് കേക്ക് മുറിച്ചതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ നടപടിയെടുക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം. പ്രചരിക്കുന്ന വീഡിയോകളിൽ ആയുധം ഉപയോഗിച്ച് കേക്ക് മുറിക്കുന്നത് കാണാമെന്ന് പറഞ്ഞ പരാതിക്കാരൻ സമാന സംഭവങ്ങളിൽ മുൻപ് പൊലീസ് കേസെടുത്ത കാര്യവും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ഇത്തരം പ്രവർത്തികൾ പൊതുജനങ്ങളിൽ ഭയമുണ്ടാക്കുമെന്നും സമാധാനാന്തരീക്ഷം തകർക്കപ്പെടുമെന്നും പരാതിക്കാരൻ പറഞ്ഞു.
