ദുബൈ: വേനൽക്കാലത്തിന് മുന്നോടിയായി ഡെലിവറി ഡ്രൈവർമാർക്കായുള്ള എയർകണ്ടീഷൻ ചെയ്ത വിശ്രമകേന്ദ്രങ്ങൾ പൂർണ സജ്ജമാക്കി ദുബൈ റോഡ്സ് ട്രാൻസ്പോർട്ട് അതോറിറ്റി. എമിറേറ്റിലെ പ്രധാന സ്ഥലങ്ങളായ ഹെസ്സ സ്ട്രീറ്റ്, അൽ ഖവാനീജ്, അൽ ബർഷ, അൽ സത്വ, ഊദ് മേത്ത, അൽ കറാമ, അർജാൻ ഉൾപ്പടെ ഏകദേശം 40 ഓളം വിശ്രമകേന്ദ്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഡെലിവറി ഡ്രൈവർമാർക്ക് സുരക്ഷയും മികച്ച തൊഴിൽ അന്തരീക്ഷവും നൽകുന്നതിന്റെ ഭാഗമായാണ് പദ്ധതി. സൂര്യപ്രകാശം നേരിട്ട് അകത്തേക്ക് വരുന്നത് തടയുന്നതിനും ചൂട് കുറയ്ക്കുന്നതിനുമായി പ്രത്യേക സംവിധാനങ്ങളോടെയാണ് വിശ്രമകേന്ദ്രങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഒരേ സമയം 10 ഡ്രൈവർമാർക്ക് വരെ വിശ്രമിക്കാനാകും. വാട്ടർ ഡിസ്പെൻസറുകളും മൊബൈൽ ഫോൺ ചാർജിങ് സ്റ്റേഷനും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
