ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: ‘കേസിന്റെ രേഖകൾ തിരുത്തിയിട്ടില്ല’, എം ആർ അജിത് കുമാർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ക്കെതിരായ കേസ് അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തം ഓഫീസ് ജീവനക്കാരുടെ തലയിൽ കെട്ടിവെയ്ക്കാൻ നീക്കവുമായി എഡിജിപി എംആർ അജിത് കുമാർ.

കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം. ഉന്നത ഉദ്യോഗസ്ഥർക്കാണ് അജിത് കുമാർ അനൗദ്യോഗികമായി വിശദീകരണം നൽകിയത്.

അതേസമയം എഡിജിപി എംആർ അജിത് കുമാറാണ് ആലപ്പുഴ രക്ഷാപ്രവർത്തനത്തിലെ പൊലീസ് റിപ്പോർട്ട്‌ തിരുത്താൻ സമ്മർദം ചെലുത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി. അജിത് കുമാറിന്റെ നിർദേശപ്രകാരം ഓഫീസിലെ രണ്ട് ഗ്രേഡ് എസ്ഐമാർ കേസ് ഡയറിയും കേസ് അവസാനിപ്പിക്കാനുള്ള റിപ്പോർട്ടും നേരിട്ട് തിരുത്തിയെന്നും മൊഴിയിലുണ്ട്. എന്നാൽ കേസിന്റെ രേഖകൾ താൻ തിരുത്തിയിട്ടില്ലന്നും ഓഫീസ് ജീവനക്കാർ ഇടപെട്ടത് തന്റെ നിർദ്ദേശപ്രകാരമല്ലെന്നുമാണ് അജിത് കുമാറിന്റെ വിശദീകരണം.

ജീവനക്കാരായ രണ്ട് ഗ്രേഡ് എസ്ഐമാർ ഇതിൽ ഇടപെട്ടിട്ടുണ്ടെങ്കിൽ അത് അവരുടെ ഉത്തരവാദിത്തമാണെന്നും അജിത് കുമാർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥരോട് അനൗദ്യോഗികമായിട്ടാണ് ഈ വിശദീകരണം എഡിജിപി നൽകിയത്. എന്നാൽ, കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനൊപ്പം എഡിജിപിയുടെ ഓഫീസിലെ രണ്ട് ജീവനക്കാരുടെ മൊഴി കൂടി എടുക്കാനാണ് എസ്ഐടിയുടെ തീരുമാനം. ഈ ജീവനക്കാരുടെ മൊഴി നിർണായകമാകും. അതുകൂടി ലഭിച്ച ശേഷം എഡിജിപിയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടിക്ക് നേതൃത്വം നൽകുന്ന എസ്പി എപി ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറും. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം അഞ്ചുപേർക്കെതിരെ സമർപ്പിച്ച റിപ്പോർട്ടിൽ ഉടൻ നടപടിയുണ്ടാകും. അഞ്ചുപേരെയും അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യാനാണ് പൊലീസ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *