ഇറാഖിലെ ആക്രമണം: സ്വയം ​പ്രതിരോധത്തിന്‍റെ ഭാഗമെന്ന്​ സൗദി അറേബ്യ

റിയാദ്​: ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾക്ക്​ നേരെ നടത്തിയ വ്യോമാക്രമണം സ്വയം പ്രതിരോധത്തിന്‍റെ ഭാഗമെന്ന്​ സൗദി അറേബ്യ. അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ച് അ​മേരിക്കൻ സെൻട്രൽ കമാൻഡുമായി സഹകരിച്ചാണ്​ ഇറാഖിലെ വിവിധ പ്രദേശങ്ങളിൽ ഇറാൻ പിന്തുണയുള്ള സായുധ ഗ്രൂപ്പുകളെ ലക്ഷ്യമിട്ട്​ ആക്രമണം നടത്തിയത്​. രണ്ട്​ ദിവസമായി സൗദി അറേബ്യയിലെ എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ നടത്തിയ ഡ്രോൺ- മിസൈൽ ആ​ക്രമണങ്ങൾക്ക്​ തിരിച്ചടിയായാണ്​ ആക്രമണം നടത്തിയതെന്ന്​ സൗദി വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി.

ഐക്യരാഷ്ട്ര സഭ ചാർട്ടറിന്‍റെ 51ാം അനുഛേദ പ്രകാരം സ്വയം പ്രതിരോധത്തിനുള്ള അവകാശം ഉപയോഗിക്കുകയായിരുന്നു. ജൂലൈ 27നും 28നും നടത്തിയ ഡ്രോൺ ആക്രമണങ്ങളെ സൗദി അറേബ്യ നേരത്തേ അപലപിച്ചിരുന്നു. മേഖലയിലെ സംഘർഷം പരിഹരിക്കാൻ സൗദിയുടെ അടക്കം നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങളെ അട്ടിമറിക്കുന്ന രീതിയിലും ആക്രമണങ്ങൾ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുമാണ്​ സായുധ ഗ്രൂപ്പുകൾ പ്രവർത്തിച്ചത്​. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ്​ രണ്ട്​ ദിവസവും ആക്രമണ ശ്രമം നടത്തിയത്​. സംഘർഷം കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

എന്നാൽ, വീണ്ടും ആക്രമണമുണ്ടായാൽ പരമാധികാരവും പൗരന്മാരെയും ദേശീയ ആസ്തികളെയും സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. അതേസമയം, സൗദി- യു.എസ്​ സംയുക്​ത ആക്രമണത്തിൽ ഇറാഖിലെ പോപ്പുലർ മൊബിലൈസേഷൻ ​ഫോഴ്​സസിന്‍റെ (പി.എം.എഫ്​) ആസ്ഥാനങ്ങൾക്ക് തകരാറുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്​. നിരവധി അംഗങ്ങൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുകൾ വ്യക്​തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *