ഹോർമുസ്​ കടലിടുക്ക്;​ ചർച്ച ചെയ്ത്​ ജി.സി.സി വിദേശകാര്യ മന്ത്രിമാർ

മസ്കത്ത്/തെഹ്​റാൻ​: ഹോർമുസ്​ കടലിടുക്ക്​ തുറക്കുന്നതിന്​ താൽക്കാലിക നിർ​ദേശം മുന്നോട്ടുവെച്ച്​ ഇറാൻ. ഹോർമുസിന്‍റെ നിയന്ത്രണം ബഹുഭൂരിഭാഗവും ഇറാൻ കൈകാര്യം ചെയ്യുന്ന രീതിയിലുള്ള നിർദേശമാണ്​ മുന്നോട്ടുവെച്ചത്​. രണ്ട്​ ദിവസങ്ങളിലായി തെഹ്​റാനിൽ നടന്ന ഇറാൻ, ഒമാൻ മ​ന്ത്രിതല ചർച്ചക്ക്​ പിന്നാലെയാണ്​ നിർ​​ദേശം മുന്നോട്ടുവെച്ചതെന്ന്​ ഇറാൻ വിദേശകാര്യ സഹമന്ത്രി ഖാസം ഗരിബാബാദി പറഞ്ഞു. ഹോർമുസിലൂടെയുള്ള യാത്രയുടെ പാതകൾ തുല്യമായി വിഭജിക്കണമെന്ന ഒമാന്‍റെ ആവശ്യം തള്ളിയാണ്​ ഇറാന്‍റെ താൽക്കാലിക നിർ​ദേശം. അതിനിടെ, ​ഹോർമുസ്​ അടക്കമുള്ള വിഷയങ്ങൾ ജി.സി.സി അംഗരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചർച്ച ചെയ്തു. വിഡിയോ കോൺഫറൻസിലൂടെയാണ്​ ചർച്ച നടത്തിയതെന്ന്​ ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി.

കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം, കപ്പലുകളുടെയും വ്യാപാരത്തിന്റെയും അവശ്യവസ്തുക്കളുടെയും സുഗമമായ നീക്കം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ജിസിസി രാജ്യങ്ങളുടെ ഏകോപനവും കൂടിയാലോചനകളും ശക്തിപ്പെടുത്താനുള്ള വഴികളും യോഗത്തിൽ ചർച്ച ചെയ്തതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ്​ അടക്കമുള്ള വിഷയങ്ങളിൽ നടക്കുന്ന ചർച്ചകളിലെ പുരോഗതി, സംഘർഷം കുറയ്ക്കുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ എന്നിവയും മന്ത്രിമാർ ചർച്ച ചെയ്തു.
ഹോർമുസിന്‍റെ നിയന്ത്രണം തങ്ങളുടെ കൈവശം തന്നെയായിരിക്കുമെന്ന്​ വ്യക്​തമാക്കുന്ന നി​ർദേശമാണ്​ ഇറാൻ ഒമാനിന്​ മുന്നിൽ വെച്ചത്​. ഹോർമുസ്​ കടലിടുക്കിലൂടെയുള്ള ഗതാഗതത്തിന്‍റെ ഒരു ദിശ പൂർണമായും ഇറാൻ സമുദ്രാതിർത്തിയിലൂടെയും, എതിർദിശയിലുള്ള പാതയുടെ ഒരു ഭാഗം ഇറാൻ സമുദ്രാതിർത്തിയിലൂടെയുമായിരിക്കും കടന്നുപോകുകയെന്ന്​ വിദേശകാര്യ സഹ മന്ത്രി ഖാസം ഗരിബാബാദി ഇറാൻ ഔദ്യോഗിക ടെലിവിഷനോട്​ പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിൽ ഗതാഗത പാതകൾ തുല്യമായി വിഭജിക്കണമെന്നായിരുന്നു ഒമാനിന്‍റെ നിർദേശം. ഇത്​ അംഗീകരിക്കാനാകില്ലെന്ന്​ ഇറാൻ വ്യക്​തമാക്കി. ദീർഘകാല പ്രാദേശിക സ്ഥിരത കൈവരിക്കുന്നത് വരെ ഇറാന്‍റെ സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ അത്തരമൊരു പദ്ധതിക്ക് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. ഇറാൻ നിർദേശം ഒമാൻ നിരസിച്ചാൽ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒമാന്‍റെ തീരത്തുകൂടിയുള്ള തെക്കൻ പാതയെ തെഹ്‌റാൻ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതിനിടെ, ഇറാനെതിരായ നാവിക ഉപരോധം അമേരിക്ക ശക്​തമാക്കി. 18 കപ്പലുകളെ അമേരിക്കൻ സെൻട്രൽ കമാൻഡ്​ തിരിച്ചുവിടുകയും രണ്ടെണ്ണത്തിന്​ കേടുപാടുകൾ വരുത്തുകയും ചെയ്​തു. ഹോർമുസിലേക്ക്​ ​പ്രവേശിക്കാൻ ശ്രമിക്കുന്ന കപ്പലുകളെ ഇറാൻ തടയുന്നു​മുണ്ട്​. ഇതോടെ ഹോർമുസിലൂടെ കപ്പൽ ഗതാഗതം നാമമാത്രമായി ചുരുങ്ങി. യമനിലെ ഹൂതികൾ സൗദിക്കെതിരെ ഉപരോധം പ്രഖ്യാപിച്ച ബാബ്​- അൽ മന്ദബിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ പുരോഗതിയുണ്ട്​. ജൂലൈ 19ന്​ ശേഷം ഏറ്റവും കൂടുതൽ കപ്പലുകൾ ബാബ്​-അൽ മന്ദബിലൂടെ കടന്നുപോയതായി റോയിട്ടേഴ്​സ്​ വാർത്ത ഏജൻസി റിപ്പോർട്ട്​ ചെയ്​തു. 37 കപ്പലുകളാണ്​ ബാബ്​ അൽ മന്ദബ്​ മറികടന്നത്​. 20 കപ്പലുകൾ ബാബ്​ അൽ മന്ദബ്​ കടലിടുക്ക്​ മുറിച്ചുകടന്നപ്പോൾ 17 കപ്പലുകൾ കടലിടുക്കിലേക്ക്​ പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *