ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു; ഏപ്രിൽ 20 ന് പ്രവർത്തനം പുനരാരംഭിക്കും

ദുബായ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ ദുബായിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി അടച്ചിട്ടിരുന്ന വിനോദസഞ്ചാര കേന്ദ്രം ഏപ്രിൽ 20 ന് വൈകുന്നേരം അഞ്ച് മണി മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജിന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വാർത്ത പുറത്തുവിട്ടത്. എല്ലാ ദിവസവും വൈകുന്നേരം 5 മണി മുതൽ അർധരാത്രി 12 മണി വരെയാണ് പ്രവർത്തന സമയം.

മേഖലയിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഗ്ലോബൽ വില്ലേജ് ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചിട്ടിരുന്നത്. ദുബായ് ഹോൾഡിംഗ് എന്‍റർടെയിന്‍മെന്‍റിന്‍റെ ഭാഗമായ ഗ്ലോബൽ വില്ലേജ് 1997-ലാണ് ആരംഭിച്ചത്. കഴിഞ്ഞ സീസണിൽ (സീസൺ 29) റെക്കോർഡ് നേട്ടമായി 1.05 കോടി സന്ദർശകരാണ് ഇവിടെ എത്തിയത്. ഇത്തവണത്തെ 30-ാം സീസണിലും വിപുലമായ കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 90ലധികം രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 30 സാംസ്കാരിക പവലിയനുകൾ. 3,500ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ. 250ലേറെ ഡൈനിംഗ് ഓപ്ഷനുകൾ. നൂറുകണക്കിന് തത്സമയ പ്രകടനങ്ങൾ, കൂടാതെ ‘കാർണിവലിൽ’ 200ലധികം റൈഡുകളും ഗെയിമുകളും വില്ലേജിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് മികച്ച അനുഭവം നൽകാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *