കുവൈത്ത് സിറ്റി: ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച ഹവല്ലി ഗവർണറേറ്റിലെ ഭക്ഷ്യ സ്ഥാപനം ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ ഉദ്യോഗസ്ഥർ അടച്ചുപൂട്ടി. അധികൃതർ നടത്തിയ മിന്നൽ പരിശോധനയിലാണ് നടപടി സ്വീകരിച്ചത്. അംഗീകൃത ആരോഗ്യ നിബന്ധനകൾ ലംഘിച്ചെന്നും പൊതുശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാചയപ്പെട്ടെന്നുമാണ് സ്ഥാപനത്തിനെതിരെയുള്ള പ്രധാന കുറ്റങ്ങൾ.
കൂടാതെ ലൈസൻസ് പരിധിക്ക് പുറത്തുള്ള സ്ഥലം അനധികൃതമായി ഉപയോഗിച്ചതായും പരിശോധനയിൽ കണ്ടെത്തി. സാധുവായ ആരോഗ്യ സർട്ടിഫിക്കറ്റില്ലാതെ തൊഴിലാളി ആഹാര സാധനങ്ങൾ കൈകാര്യം ചെയ്തതായും ആവശ്യമായ സർട്ടിഫിക്കറ്റുകൾ നേടാതെ മറ്റൊരു ജീവനക്കാരൻ ജോലിയിൽ ഏർപ്പെട്ടതായും അധികൃതർ റിപ്പോർട്ട് ചെയ്തു.
മാത്രമല്ല ഭക്ഷ്യമേഖലയിൽ പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പരിശോധനകൾ തുടരുമെന്നും അതോറിറ്റി അറിയിച്ചു.
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങളുടെ സുരക്ഷയാണ് തങ്ങളുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി. കൂടാതെ വരും ദിവസങ്ങളിൽ മറ്റ് ഗവർണറേറ്റുകളിലും പരിശോധനകൾ വ്യാപിക്കാനാണ് അതോറിറ്റിയുടെ തീരുമാനമെന്നും അറിയിച്ചു.
