തിരുവനതപുരം : 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ ആ മണ്ഡലങ്ങളുടെ ചുമതല നൽകി പ്രഭാരിമാരായി നിയമിച്ച് രംഗത്തിറക്കാൻ തയാറെടുത്ത് ബിജെപി. ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ’എന്ന ബിജെപിയുടെ പദ്ധതി നടപ്പാകുകയാണെങ്കിൽ 2029ൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കുമെന്നത് പരിഗണിച്ച് നിയമസഭാ മണ്ഡലങ്ങളിലും പ്രഭാരിമാരെ ഇതിനോടൊപ്പം നിശ്ചയിക്കും. കഴിഞ്ഞ പ്രാവശ്യം മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം എത്തിയ ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ മുൻ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പേരാണ് പ്രഭാരിയായി പരിഗണിക്കുന്നത്. തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെ പ്രഭാരിയായേക്കും. പത്തനംതിട്ടയിൽ അനൂപ് ആന്റണി, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ അല്ലെങ്കിൽ സന്ദീപ് വചസ്പതി, കൊല്ലം ലോക്സഭാ മണ്ഡലത്തിൽ ചാത്തന്നൂർ എംഎൽഎ കൂടിയായ ബി.ബി.ഗോപകുമാർ തുടങ്ങിയവരാണ് പരിഗണനയിലുള്ള പ്രഭാരി പേരുകൾ. രണ്ടാഴ്ചയ്ക്കുള്ളിൽ പ്രഭാരിമാരെ നിശ്ചയിച്ചാൽ അവർ ആ മണ്ഡലത്തിൽ പൂർണസമയം പ്രവർത്തനത്തിന് ഇറങ്ങുമെന്നാണ് തീരുമാനം.
ലോക്സഭ ലക്ഷ്യമിട്ട് പട്ടികയുമായി BJP
