അമേരിക്ക ലോകകപ്പില്‍ കാഴ്ചവെക്കുന്നത് മിന്നും പ്രകടനം. നോക്കൗട്ടില്‍ ബോസ്‌നിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് അമേരിക്ക പ്രീക്വാര്‍ട്ടറില്‍ കടന്നു. ഫൊളാരിന്‍ ബലോഗനും (45) മാലിക് ടില്‍മാനുമാണ് (79) അമേരിക്കയ്ക്കുവേണ്ടി ഗോള്‍ നേടിയത്. മറുപടി നല്‍കാന്‍ ബോസ്‌നിയ പലകുറി ശ്രമിച്ചെങ്കിലും അവയെല്ലാം പാഴായി. പ്രീക്വാര്‍ട്ടറില്‍ അമേരിക്ക ബെല്‍ജിയത്തെയാണ് നേരിടുക.
ആദ്യപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്ന് കരുതിയയിടത്തുനിന്നാണ് അമേരിക്ക ഗോളടിച്ച് ബോസ്‌നിയയെ ഞെട്ടിച്ചത്. ആദ്യ പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അമേരിക്കയുടെ ആദ്യ ഗോള്‍. ഫൊളാരിന്‍ ബലോഗനായിരുന്നു സ്‌കോറര്‍. മാലിക് ടില്‍മാന്‍ നല്‍കിയ പാസ് ബോസ്നിയ ഡിഫന്‍ഡറുടെ കാലില്‍ തട്ടി അപ്രതീക്ഷിതമായി ബലോഗന് ലഭിക്കുകയായിരുന്നു. ബോക്‌സിനകത്തുവച്ച് പന്ത് ലഭിച്ച ബലോഗന്‍ വലയിലെത്തിച്ചു. ഇതോടെ ആത്മവിശ്വാസത്തോടെയാണ് അമേരിക്ക ഇടവേളയ്ക്ക് പിരിഞ്ഞത്. 32-ാം മിനിറ്റിലും ഫൊളാരിന്‍ ബലോഗന്‍ ബോസ്‌നിയയുെട ഗോള്‍ വല കുലുക്കിയെങ്കിലും ഓഫ്‌സൈഡായിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു ആദ്യപകുതി പിന്നിടും മുമ്പുള്ള ഗോള്‍. നന്നായി കളിച്ചിട്ടും ആദ്യ ഗോള്‍ വഴങ്ങിയത് ബോസ്‌നിയക്ക് തിരിച്ചടിയായി.
പോരാടാനുറച്ചായിരുന്നു ബോസ്‌നിയ പിന്നീടെത്തിയത്. രണ്ടാം പകുതിയില്‍ ബോസ്‌നിയ ഗോള്‍ മടക്കാന്‍ ശ്രമിച്ചെങ്കിലും ഭാഗ്യമില്ലാതെ പോയി. നിരന്തരം ഷോട്ടുകളുമായി അമേരിക്കന്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും എല്ലാം പാഴായി. അതേസമയം, അമേരിക്കയ്ക്ക് ഞെട്ടലായി ഫൊളോഗന് ചുവപ്പുകാര്‍ഡ് കിട്ടി. ബോസ്‌നിയന്‍ താരം മുഹെറമോവിക്കിന്റെ കാലില്‍ നിന്ന് പന്ത് തട്ടിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ താരത്തിന്റെ കണങ്കാലില്‍ ചവിട്ടിയതിനാണ് റെഡ് കാര്‍ഡ് ലഭിച്ചത്. ഇതോടെ അമേരിക്ക പത്തുപേരിലേക്ക് ചുരുങ്ങി. ഇത് കടുത്ത പ്രതിസന്ധിയ സൃഷ്ടിച്ചെങ്കിലും മത്സരത്തില്‍ പ്രതിരോധം വിള്ളലുണ്ടാകാതെ അമേരിക്ക ശ്രദ്ധിച്ചു. ഇതിനിടെ അമേരിക്കയുടെ മറ്റൊരു ഗോളും ഓഫ് സൈഡില്‍ കുരുങ്ങി. എന്നാല്‍ 81-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് അമേരിക്ക മുതലാക്കി. ബോക്‌സിന് പുറത്തുനിന്ന് ഫ്രീകിക്ക് എടുത്ത മാലിക് ടില്‍മാന്‍, അത് വലയിലെത്തിച്ചു. ഇതോടെ ബോസ്‌നിയ പാടേ നിരാശയിലായി. പ്രീക്വാര്‍ട്ടറില്‍ അമേരിക്കയ്ക്ക് ബെല്‍ജിയമാണ് എതിരാളി.
